
നാഗ്പുർ: ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ അവസാന തയാറെടുപ്പെന്നോണം ഇന്ത്യ ന്യൂസിലൻഡിനെതിരെ ട്വന്റി20 പരമ്പരക്ക്. ബുധനാഴ്ച ആരംഭിക്കുന്ന അഞ്ച് മത്സര പരമ്പര അക്ഷരാർഥത്തിൽ ഫെബ്രുവരിയിലെ ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്സലാണ്. ലോകകിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യക്ക് ആതിഥേയരെന്ന അധിക ഭാരം കൂടിയുണ്ട്. കിവികൾക്കെതിരെ ഏകദിന പരമ്പര നഷ്ടമായ ക്ഷീണം കൂടി ചേരുമ്പോൾ സൂര്യകുമാർ യാദവിനും സംഘത്തിനും അഭിമാനപ്പോരാട്ടമാണിത്.
ലോകകപ്പ് ടീമിലെ രണ്ട് പ്രധാനികൾ പരിക്കുമൂലം പുറത്താണ്, ബാറ്റർ തിലക് വർമയും ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറും. ഇവർ സുഖം പ്രാപിച്ച് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. യഥാക്രമം ശ്രേയസ് അയ്യരും രവി ബിഷ്ണോയിയുമാണ് ന്യൂസിലൻഡിനെതിരായ പരമ്പരയിലെ പകരക്കാർ. ശുഭ്മൻ ഗിൽ പുറത്തായ സ്ഥിതിക്ക് അഭിഷേക് ശർമക്കൊപ്പം ഓപണറായി മലയാളി താരം സഞ്ജു സാംസണെത്താനാണ് സാധ്യത.
ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം ഇഷാൻ കിഷനെ ടീമിലെത്തിച്ചിട്ടുണ്ട്. തിലകില്ലാത്തതിനാൽ ഒഴിവുവന്ന മൂന്നാം നമ്പറിൽ ഇഷാനെത്തുമെന്നാണ് ക്യാപ്റ്റൻ നൽകുന്ന സൂചന. നാലാമനായി സൂര്യ തുടരും. അഞ്ചാം നമ്പറിലേക്ക് പരിഗണിക്കുന്നവരിൽ പ്രധാനി ശ്രേയസ്സാണ്. ഓൾ റൗണ്ടർ സ്ലോട്ടിൽ ഹാർദിക് പാണ്ഡ്യയുടെതാണ് നൂറ് ശതമാനം ഉറപ്പുള്ള സ്ഥാനം. കൂടെ അക്ഷർ പട്ടേലിനെയും ശിവം ദുബെയെയും പ്രതീക്ഷിക്കാം. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ഡിപ്പാർട്ട്മെന്റിൽ അർഷ്ദീപ് സിങ്ങുണ്ടാവും. ട്വന്റി20 സ്പെഷലിസ്റ്റെന്ന നിലയിൽ സ്പിന്നറായി വരുൺ ചക്രവർത്തിയുമെത്തിയേക്കും. സൂര്യയുടെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലേവദന.
മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡ് സംഘത്തിൽ പരിക്കിന്റെ ആശങ്കകളുണ്ട്. ഓൾ റൗണ്ടർ മൈക്കൽ ബ്രേസ്വെല്ലിനും പേസർ ആഡം മിൽനെക്കും കളിക്കാനാവാത്ത സ്ഥിതിയാണ്. ഇന്ത്യക്കെതിരെ ചരിത്രം കുറിച്ച് ഏകദിന പരമ്പര നേടിയ സംഘത്തിന്റെ നായകൻ കൂടിയാണ് ബ്രേസ്വെൽ. ഇരുവർക്കും പരിക്കേറ്റ സാഹചര്യത്തിൽ ഏകദിന പരമ്പരയിൽ തിളങ്ങിയ പേസ് ബൗളിങ് ഓൾ റൗണ്ടർ ക്രിസ്റ്റ്യൻ ക്ലാർക്ക് നാട്ടിലേക്ക് മടങ്ങാതെ ട്വന്റി20 സ്ക്വാഡിൽ ചേർന്നിട്ടുണ്ട്. ജനുവരി 23ന് റായ്പുരിലും 25ന് ഗുവാഹതിയിലും 28ന് വിശാഖപട്ടണത്തും 31ന് തിരുവനന്തപുരം കാര്യവട്ടത്തുമാണ് ബാക്കി മത്സരങ്ങൾ.
ടീം ഇവരിൽനിന്ന്
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, രവി ബിഷ്ണോയി, ഹർഷിത് റാണ.
ന്യൂസിലൻഡ്: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഡെവൺ കോൺവേ, ബെവൺ ജേക്കബ്സ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ടിം റോബിൻസൺ, ജിമ്മി നീഷാം, ഇഷ് സോഡി, സാക്ക് ഫോൾക്സ്, മാർക്ക് ചാപ്മാൻ, മൈക്കൽ ബ്രേസ്വെൽ, റചിൻ രവീന്ദ്ര, കൈൽ ജാമിസൻ, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ക്രിസ്റ്റ്യൻ ക്ലാർക്ക്.
