
ബ്രിസ്ബെയ്ൻ: 17 വർഷത്തിനിടെ ആസ്ട്രേലിയയോട് ട്വന്റി20 പരമ്പര തോറ്റിട്ടില്ലെന്ന റെക്കോഡ് നിലനിർത്തിയ ഇന്ത്യ പരമ്പര പിടിക്കാൻ ഇന്നിറങ്ങുന്നു. അഞ്ച് മത്സര പരമ്പരയിൽ 2-1 ലീഡ് നേടിയ സന്ദർശകർക്ക് അവസാന കളി ജയിച്ചാൽ ആധിപത്യം ഉറപ്പിക്കാം. അതേസമയം, ഇന്ന് ജയിച്ച് പരമ്പരയിൽ സമനില പിടിക്കാനാവും ആതിഥേയരുടെ ശ്രമം.
2008ന് ശേഷം ആസ്ട്രേലിയൻ മണ്ണിൽ ഇന്ത്യക്ക് ഇതുവരെ ട്വന്റി20 പരമ്പരയിൽ തോൽവി വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്തിയാണ് ടീം അവസാന മത്സരത്തിനിറങ്ങുന്നത്. 2008ന് ശേഷം നാലു തവണ ആസ്ട്രേലിയയിൽ കളിക്കാനെത്തിയപ്പോൾ രണ്ട് പരമ്പര ഇന്ത്യ ജയിച്ചപ്പോൾ, രണ്ടെണ്ണം സമനിലയിൽ പിരിഞ്ഞു. ശനിയാഴ്ചത്തെ മത്സരം ഓസീസ് ജയിച്ചാലും റെക്കോഡിന് ഇളക്കമുണ്ടാവില്ല.
അടുത്തിടെ ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് കാര്യമായ ഫോം കണ്ടെതാനായിട്ടില്ല എന്നാണ് ഇന്ത്യയെ അലട്ടുന്നത്. അവസാന ഏഴു കളികളിൽ അർധ സെഞ്ച്വറിയില്ലാത്ത താരം കഴിഞ്ഞ കളിയിൽ 46 റൺസ് നേടിയെങ്കിലും മികച്ച സ്കോറുയർത്താനായില്ല. അഭിഷേക് ശർമയും സഞ്ജു സാംസണുമടങ്ങിയ ജോടി ട്വന്റി20 ഓപണിങ്ങിൽ മികച്ച ഫോമിൽ കളിക്കുമ്പോഴാണ് സഞ്ജുവിനെ പിറകോട്ടിറക്കി ഗില്ലിനെ ഓപണറായി കൊണ്ടുവന്നത്. സഞ്ജുവാകട്ടെ മധ്യനിരയിൽ കളിച്ച രണ്ടു മത്സരത്തിനുശേഷം ഇലവനിൽനിന്നുതന്നെ പുറത്താവുകയും ചെയ്തു. സഞ്ജുവിന് പകരം അവസരം ലഭിച്ച ജിതേഷ് ശർമയും തിളങ്ങിയിട്ടില്ല. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരും താളം കണ്ടെത്തേണ്ടിയിരിക്കുന്നു. ഓൾറൗണ്ടർമാരായ അക്സർ പട്ടേലിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും ബാറ്റിങ് മികവ് കഴിഞ്ഞ കളികളിൽ ടീമിന് ഗുണമായിരുന്നു.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറ-അർഷദീപ് സിങ് ജോടിയുടെ പേസും വരുൺ ചക്രവർത്തി, അക്സർ, സുന്ദർ ത്രയത്തിന്റെ പേസും ടീമിന് മുതൽക്കൂട്ടാണ്.
മറുവശത്ത് ട്വന്റി20 സ്പെഷലിസ്റ്റുകൾ ഏറെയുണ്ടെന്നതാണ് ഓസീസ് ടീമിന്റെ കരുത്ത്. ക്യാപ്റ്റൻ മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ് വെൽ തുടങ്ങിയവർ ഫോമിലായാൽ ഇന്ത്യ വിയർക്കും. പ്രമുഖർ വിശ്രമിക്കുന്ന ബൗളിങ് ഡിപ്പാർട്മെന്റിൽ സ്പിന്നർ ആഡം സാംപയും മീഡിയം പേസർ നതാൻ എല്ലിസുമാണ് ഭേദപ്പെട്ട രീതിയിൽ പന്തെറിയുന്നത്.
ടീം: ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, ജിതേഷ് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷദീപ് സിങ്, ഹർഷിത് റാണ.
ആസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, ജോഷ് ഫിലിപ്, മിച്ചൽ ഓവൻ, ഗ്ലെൺ മാക്സ് വെൽ, മാർകസ് സ്റ്റോയ്നിസ്, മാറ്റ് കുനെമൻ, ആഡം സാംപ, മഹ്ലി ബിയേഡ്മാൻ, ബെൻ ഡ്വർഷൂയിസ്, സേവിയർ ബാർലറ്റ്, നതാൻ എല്ലിസ്.
