
ഹരാരെ (സിംബാബ്വെ): അണ്ടർ 19 ലോകകപ്പിൽ ഒരു തോൽവി പോലുമറിയാതെ ഫൈനലിലെത്തിയ രണ്ട് ടീമുകൾ തമ്മിൽ കിരീടത്തിനായി വെള്ളിയാഴ്ച പോരിനിറങ്ങും. ടൂർണമെന്റിൽ ഇതുവരെ നടന്ന ആറ് മത്സരങ്ങളിലും അപരാജിതരായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും. ആയുഷ് മഹാത്രെ നയിക്കുന്ന ഇന്ത്യ തേടുന്നത് ആറാം കിരീടമാണ്. ഇംഗ്ലീഷുകാരാവട്ടെ ഒരു തവണ ജേതാക്കളായിട്ടുണ്ട്. ഇന്ത്യക്കിത് പത്താം ഫൈനലും ഇംഗ്ലണ്ടിന് മൂന്നാം കലാശപ്പോരാട്ടവുമാണ്. നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ സെമി ഫൈനലിൽ മറിച്ചിട്ടാണ് തോമസ് റൂവും സംഘവും കടന്നത്.
അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസിൽ അഫ്ഗാനിസ്താനെ സെമിയിൽ തോൽപിക്കുകയായിരുന്നു ഇന്ത്യ. സെഞ്ച്വറിയുമായി മിന്നിയ മലയാളി താരം ആരോൺ ജോർജ് കാര്യങ്ങൾ എളുപ്പമാക്കിയപ്പോൾ തുടർച്ചയായ ആറാം തവണയും ഫൈനൽ പ്രവേശനം. കഴിഞ്ഞ തവണ ഓസീസിന് മുന്നിൽ അടിയറവ് വെച്ച കിരീടം തിരിച്ചുപിടിച്ച് ഏറ്റവും തവണ ജേതാക്കളായവരെന്ന റെക്കോഡ് പുതുക്കുകയാണ് ലക്ഷ്യം. വെടിക്കെട്ട് ഓപണർ വൈഭവ് സൂര്യവംശി, ക്യാപ്റ്റൻ മഹാത്രെ, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു തുടങ്ങിയ ബാറ്റിങ് നിര സെറ്റാണ്. ഹെനിൽ പട്ടേൽ നയിക്കുന്ന ബൗളിങ് ഡിപ്പാർട്മെന്റ് റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയാൽ കപ്പ് വീണ്ടും ഇന്ത്യയിലേക്ക് വരും. സ്പിന്നർ മുഹമ്മദ് ഇനാനാണ് ടീമിലെ മറ്റൊരു മലയാളി സാന്നിധ്യം.
സെമിയിൽ ക്യാപ്റ്റൻ റൂ നേടിയ സെഞ്ച്വറിയിലായിരുന്നു ഇംഗ്ലീഷ് ജയം. ഇവരുടെ ബെൻ മെയ്സ് 399 റൺസുമായി ബാറ്റർമാരിലും പേസർ മാന്നി ലംസ്ഡൻ 15 വിക്കറ്റുമായി ബൗളർമാരിലും ഒന്നാമതുണ്ട്.
