
വിരാട് കോഹ്ലിയും രോഹിത് ശർമയും പരിശീലനത്തിൽ
മെൽബൺ: അഡ്ലെയ്ഡ് ഓവലിൽ ജയിക്കാനുറച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയും ടീമിൽ ഇടവും ഉറപ്പിക്കാൻ വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും കരുത്തുകാട്ടുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടാം ഏകദിനത്തിൽ തോൽവി ഇന്ത്യക്ക് ആഘാതമാകും. മഴ രസംകൊല്ലിയായ പെർത്തിലെ ആദ്യ ഏകദിനം ഇന്ത്യ തോറ്റിരുന്നു.
പലവട്ടം മഴ തടസ്സപ്പെടുത്തിയ കളിയിൽ ഇന്ത്യൻ ബാറ്റിങ് 136ലൊതുങ്ങി. ആതിഥേയർ അനായാസം അടിച്ചെടുത്ത് കളി ജയിക്കുകയും ചെയ്തു. ആദം സാമ്പയും അലക്സ് കാരിയും തിരിച്ചെത്തുന്നതോടെ ഓസീസ് നിര കൂടുതൽ ശക്തരാകും. ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. കുൽദീപ് യാദവും പ്രസിദ്ധ് കൃഷ്ണയുമടക്കം പ്രാക്ടീസിനെത്തിയെങ്കിലും ഇറങ്ങിയേക്കില്ല. ഈ വേദിയിൽ അവസാനം കളിച്ച രണ്ടു മത്സരങ്ങളും ജയിക്കാനായത് ഇന്ത്യക്ക് പ്രതീക്ഷയാകും.
ടീം ഇന്ത്യ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, കെ.എൽ. രാഹുൽ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, ധ്രുവ് ജുറെൽ, യശസ്വി ജയ്സ്വാൾ, കുൽദീപ് യാദ് കൃഷ്ണ.
ആസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്ലെറ്റ്, അലക്സ് കാരി, കൂപ്പർ കൊണോലി, നഥാൻ എല്ലിസ്, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, മാർനസ് ലാബുഷെയ്ൻ, മിച്ചൽ ഓവൻ, ജോഷ് ഫിലിപ്, മാത്യു റെൻഷോ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ.