
ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ തെംബ ബവുമ ബാറ്റിങ് തെരഞ്ഞെടുത്തു. കോർബിൻ ബോഷിനു പകരം സെനുരൻ മുത്തുസാമി ദക്ഷിണാഫ്രിക്കക്കായി കളിക്കും. ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും ഓൾറൗണ്ടർ അക്സർ പട്ടേലിനും പകരം സായ് സുദർശനും നിതീഷ് കുമാർ റെഡ്ഡിയും ടീമിലെത്തി.
- ഇന്ത്യ പ്ലേയിങ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ധ്രുവ് ജുറേൽ, ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജദേജ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
- ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ: എയ്ഡൻ മാർക്രം, റയാൻ റിക്കിൾട്ടൻ, വിയാൻ മുൾഡർ, ടോണി ഡിസോർസി, തെംബ ബവുമ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, കെയ്ൽ വെരെയ്ൻ (വിക്കറ്റ് കീപ്പര്), മാർകോ യാന്സൻ, സെനുരൻ മുത്തുസാമി, സിമോൺ ഹാർമർ, കേശവ് മഹാരാജ്.
ആദ്യ കളിയിൽ ദയനീയമായി തോറ്റ ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാൻ വിജയം അനിവാര്യമാണ്. പരിക്കേറ്റ് ടീമിൽനിന്ന് വിട്ടുനിൽക്കുന്ന ശുഭ്മൻ ഗില്ലിന് പകരം റിഷഭ് പന്താണ് ആതിഥേയരെ നയിക്കുന്നത്. സ്വന്തം മണ്ണിൽ കളിക്കുമ്പോൾ എന്നും ആത്മവിശ്വാസത്തോടെയായിരുന്നു ഇന്ത്യ ഇറങ്ങിയിരുന്നത്. എന്നാാൽ, ആദ്യ ടെസ്റ്റിലെ തോൽവിക്ക് ശേഷം വിറച്ചുവിറച്ചാണ് ആതിഥേയരുടെ വരവ്. സ്പിന്നിനെതിരെ കളിക്കാനുള്ള തന്ത്രങ്ങളില്ലാതെ ബാറ്റർമാർ ഉഴലുകയായിരുന്നു കഴിഞ്ഞ ടെസ്റ്റിൽ.
നായകൻ പന്തിന് ഇന്ന് ഏറെ നിർണായകമാകും. മുമ്പ് ട്വന്റി20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ റിഷഭ് പന്ത് ഇന്ത്യയെ നയിച്ചിട്ടുണ്ട്. ടെസ്റ്റ് ഫോർമാറ്റിൽ ഒരു തവണ രഞ്ജി ട്രോഫി ഫൈനലിൽ ദൽഹിയുടെ ക്യാപ്റ്റനുമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഓഫ് സ്പിന്നർ സൈമൺ ഹാർമറെ നേരിടുന്നതാണ് ആതിഥേയരുടെ വെല്ലുവിളി. ഹാർമർ ഒന്നാം ടെസ്റ്റിൽ എട്ട് ഇരകളെയാണ് വീഴ്ത്തിയത്. തുടക്കത്തിൽ ബാറ്റർമാർക്ക് തുണയാകുന്ന പിച്ച് പിന്നീട് സ്പിന്നർമാർക്ക് അനുകൂലമായേക്കും. രണ്ട് മത്സരങ്ങൾ മാത്രമുള്ള പരമ്പരയിൽ തോറ്റ ശേഷം തിരിച്ചുവരവ് കടുത്ത വെല്ലുവിളിയാണെന്ന് പന്ത് പറഞ്ഞു. ഇന്ത്യൻ ബൗളിങ്ങിൽ രവീന്ദ്ര ജദേജയിലാണ് കൂടുതൽ പ്രതീക്ഷ.
