കൊളംബോ: വനിത ഏകദിന ലോകകപ്പിൽ ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. പുരുഷ ടീമിന്‍റെ വഴിയേ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക് ക്യാപ്റ്റൻ ഫാത്തിമ സനയും ഹസ്തദാനം നടത്തിയില്ല. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വനിത ടീമും പാകിസ്താൻ താരങ്ങളുമായി ഹസ്തദാനം നടത്തില്ലെന്ന് നേരത്തെ തന്നെ ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.
തുടർച്ചയായ നാലാം ഞായറാഴ്ചയാണ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം. കഴിഞ്ഞ മൂന്ന് ആഴ്ചകളിലും ഏഷ്യ കപ്പിൽ പുരുഷ ടീമുകൾ തമ്മിലായിരുന്നു കളി. കൊളംബോയിലാണ് മത്സരം. ഫൈനലടക്കം മൂന്നിലും ജയിച്ച് കിരീടം നിലനിർത്തിയ ഇന്ത്യ, വനിത ഏകദിന ലോകകപ്പിൽ വിജയം തുടരാനുറച്ചാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ചിരുന്നു ഹർമൻപ്രീത് കൗറും സംഘവും. പാകിസ്താനാവാട്ടെ ബംഗ്ലാദേശിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ക്ഷീണത്തിലും. അതേസമയം, കൊളംബോയിൽ മഴ തുടരുന്നത് ഭീഷണിയാണ്.
ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ ഓൾ റൗണ്ടർ അമൻജോത് കൗർ പ്ലെയിങ് ഇലവനിൽ ഇല്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. രേണുക പകരക്കാരിയായി ടീമിലെത്തി. കളിക്കളത്തിലും കടലാസിലും വലിയ മുൻതൂക്കം ഇന്ത്യക്ക് പാക് ടീമിനെതിരെയുണ്ട്. ഇരുകൂട്ടരും തമ്മിൽ ഇതുവരെ 27 മത്സരങ്ങൾ കളിച്ചപ്പോൾ 24ലും ഇന്ത്യക്കായിരുന്നു ജയം. പാകിസ്താന് മൂന്ന് കളികൾ ജയിക്കാനായതാവട്ടെ ട്വന്റി20യിലും. ഏകദിനത്തിൽ 11ൽ 11ഉം ഇന്ത്യക്കൊപ്പം നിന്നു. ലങ്കക്കെതിരെ സ്പെഷലിസ്റ്റ് ബാറ്റർമാർ പലരും നിറംമങ്ങിയ കളിയിൽ മധ്യനിരയുടെയും വാലറ്റത്തിന്റെയും മികവിലാണ് വിമൻ ഇൻ ബ്ലൂ പൊരുതാവുന്ന സ്കോറിലെത്തിയത്. ബാക്കി ദൗത്യം ബൗളർമാർ പൂർത്തിയാക്കി.
ഫാത്തിമ സന നയിക്കുന്ന പാകിസ്താൻ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശിനോട് മുട്ടുമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇവർ വെറും 129 റൺസിന് കൂടാരം കയറി.
ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, രേണുക സിങ് ഠാകുർ, ദീപ്തി ശർമ, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
പാകിസ്താൻ: ഫാത്തിമ സന (ക്യാപ്റ്റൻ), മുനീബ അലി സിദ്ദിഖി, ആലിയ റിയാസ്, ഡയാന ബെയ്ഗ്, എയ്മൻ ഫാത്തിമ, നഷ്‌റ സുന്ദു, നതാലിയ പർവേസ്, റമീൻ ഷമീം, സദഫ് ഷംസ്, സാദിയ ഇഖ്ബാൽ, ഷവ്വാൽ സുൽഫിഖർ.