ഈ പിച്ചിൽ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്



കൊൽക്കത്ത പിച്ചിനെക്കുറിച്ചുള്ള ഗൗതം ഗംഭീറിന്റെ വിലയിരുത്തലിനെയും ബാറ്റർമാർക്ക് അത് നേരിടാനുള്ള സാങ്കേതികതയില്ലെന്ന അദ്ദേഹത്തിന്റെ ആരോപണത്തെയും മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനുമായ ക്രിസ് ശ്രീകാന്ത് ശക്തമായി വിമർശിച്ചു. 124 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യ കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് 30 റൺസിന് പരാജയപ്പെട്ടു, രണ്ടാം ഇന്നിംഗ്സിൽ 93 റൺസിന് ഓൾഔട്ടാവുകയും ചെയ്തു.

ഈഡൻ ഗാർഡൻസ് പിച്ചിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആരാധകരും വിദഗ്ധരും വിമർശനം ഉന്നയിച്ചതോടെ, മത്സരം രണ്ടര ദിവസത്തിനുള്ളിൽ അവസാനിച്ചു. എന്നിരുന്നാലും, മത്സരത്തിനു ശേഷമുള്ള വാർത്തസമ്മേളനത്തിൽ, ഇന്ത്യ ആഗ്രഹിച്ച വിക്കറ്റ് ത​െന്നയായിരുന്നെന്ന് ഗംഭീർ പ്രസ്താവിക്കുകയും ക്യുറേറ്ററെ ന്യായീകരിക്കുകയും ചെയ്തു. ഗംഭീറിന്റെ അഭിപ്രായങ്ങളോട് ശ്രീകാന്ത് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. തെംബ ബവുമ ഒഴികെയുള്ള എല്ലാ ബാറ്റർമാരും റൺ നേടാൻ പാടുപെടുന്ന ഒരു പിച്ചിൽ കളിക്കാർക്ക് എങ്ങനെ കളിക്കാൻ കഴിയുമെന്ന് ചോദിച്ചു.

ആരും മോശക്കാരല്ലെന്നും മികച്ച സാങ്കേതിക തികവ് കാണിക്കണമെന്നും ഗംഭീർ പറഞ്ഞതിൽനിന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത്തരമൊരു വിക്കറ്റിൽ നിങ്ങൾക്ക് എങ്ങനെ കളിക്കാൻ കഴിയും? പല ബാറ്റർമാരും പ്രതിരോധിക്കാൻ ശ്രമിച്ചു, സ്ലിപ്പിലോ എൽബിഡബ്ല്യുവിലോ പുറത്തായി. സത്യം പറഞ്ഞാൽ, ദക്ഷിണാഫ്രിക്ക ശക്തമായ ബാറ്റിങ് ലൈനപ്പോ ശക്തമായ ടീമോ അല്ല. എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയും മോശം വിക്കറ്റുകളിൽ തുടരുകയും കളിക്കാരുടെ സാങ്കേതികതയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത്? ഇത് ശരിയല്ല. നിങ്ങൾ ആരായാലും, ഈ വിക്കറ്റിൽ നിങ്ങൾക്ക് എങ്ങനെ പിടിച്ചുനിൽക്കാൻ കഴിയും? ബവുമ അതിജീവിച്ചു, ഒരു കളിക്കാരൻ മാത്രമാണ് അതിജീവിച്ചത്.”

ഗംഭീർ കോച്ചായ ശേഷം ഇന്ത്യ കഴിഞ്ഞ ആറ് ഹോം ടെസ്റ്റ് മത്സരങ്ങളിൽ നാലെണ്ണം തോറ്റു, ഇത് വളരെ മോശം റെക്കോഡാണെന്ന് ശ്രീകാന്ത് പറഞ്ഞു.ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകൾക്കെതിരെ ഇന്ത്യ ശക്തമായ ടീമുകളെ കളത്തിലിറക്കിയിട്ടും ടേണിങ് പിച്ചുകൾ വേണമെന്ന് ആവശ്യപ്പെടുന്നതിലെ തുടർച്ചയായ തെറ്റുകളിൽ നിന്ന് ടീം മാനേജ്മെന്റ് പഠിക്കുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു. ആദ്യ ദിവസം മുതൽ പന്ത് തിരിയുകയാണ്. വർഷങ്ങളായി ഇത് തുടരുകയാണ് എന്നിട്ടും തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല. ഈ വിക്കറ്റ് ശരിയല്ല, ഈ പിച്ചിൽ ഞാൻ സ്റ്റമ്പ് ടു സ്റ്റമ്പ് ബൗൾ ചെയ്താലും എനിക്ക് ഇപ്പോഴും ഒരു വിക്കറ്റ് ലഭിക്കും, ശ്രീകാന്ത് പറഞ്ഞു.

‘ഇതൊരു മോശം പിച്ചാണ്. ഇത്രയും മോശം പിച്ചിൽ നിങ്ങൾ സ്വയം പരീക്ഷിക്കണമെന്ന് പറയാനാവില്ല. രണ്ട് ടീമുകളും കൂടുതൽ റൺസ് നേടുന്നില്ലെങ്കിൽ, അത് എങ്ങനെ ഒരു നല്ല വിക്കറ്റാകും? അവർ അസംബന്ധം പറയുകയാണ്. എല്ലാവരും ബുദ്ധിമുട്ടുന്നു. രണ്ട് ടീമുകളും ബുദ്ധിമുട്ടുകയായിരുന്നു. അവർ സമ്മർദ്ദത്തിലാണോ അല്ലയോ, എനിക്കറിയില്ല, പക്ഷേ ഇന്ത്യ ഇപ്പോൾ സമ്മർദത്തിലാണ്.നവംബർ 22 ന് ആരംഭിക്കുന്ന ഗുവാഹത്തി ടെസ്റ്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരസ്പരം നേരിടും.



© Madhyamam