ഹോങ്കോങ്ങിലെ ആറ് ഓവർ ക്രിക്കറ്റ്; കുവൈത്തിനോടും നേപ്പാളിനോടും ശ്രീലങ്കയോടും തോറ്റ് ഇന്ത്യ



ഹോങ്കോങ്ങ്: ആസ്ട്രേലിയൻ മണ്ണിൽ സൂര്യകുമാർ യാദവും സംഘവും മിന്നുന്ന ജയം നേടി മടങ്ങാനൊരുങ്ങുന്നതിനിടെ, ഹോങ്കോങ്ങിൽ കളിക്കാനിറങ്ങിയ ഇന്ത്യൻ സംഘത്തിന് ദയനീയ തോൽവി. ആറ് പേർ കളിക്കുന്ന ഹോങ്കോങ്ങ് സിക്സസ് ടൂർണമെന്റിൽ ശ്രീലങ്കയോടും, നേപ്പാളിനോടും കുവൈത്തിനോടും തോറ്റ് ഇന്ത്യ ഫൈനലിൽ ഇടം നേടാതെ പുറത്തായി.

വിരമിച്ചവരും, നിലവിലെ താരങ്ങളുമെല്ലാം ഉൾപ്പെടുത്തിയുള്ള ടീമാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഐ.സി.സി അംഗീകാരമുള്ള ടൂർണമെന്റിന്റെ സംഘാടകർ ഹോങ്കോങ്ങ് ക്രിക്കറ്റ് അസോസിയേഷനാണ്. ഒരു ടീമിൽ ആറ് കളിക്കാരും, ആറ് ഓവറുമായി പരിമിത പ്പെടുത്തിയാണ് വൻ തുക സമ്മാനത്തുകയുള്ള ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ദിനേഷ് കാർത്തിക്, റോബിൻ ഉത്തപ്പ, സ്റ്റുവർട് ബിന്നി, അഭിമന്യു മിഥുൻ, ഷഹബാസ് നദീം, പ്രിയങ്ക് പഞ്ചാൽ, ഭാരത് ചിപ്ലി എന്നിവരാണ് ഇന്ത്യക്കായി പ​ങ്കെടുക്കുന്നത്.

ഗ്രൂപ്പ് റൗണ്ടിൽ പാകിസ്താനെ രണ്ടു വിക്കറ്റിന് തോൽപിച്ചപ്പോൾ, കുവൈത്തിനെതിരെ തോൽവി വഴങ്ങി. ശനിയാഴ്ച നടന്ന മത്സരത്തിൽ 27 റൺസിനായിരുന്നു കുവൈത്തിനോട് തോറ്റത്. ഇതോടെ ഗ്രൂപ്പ് റൗണ്ടിൽ മൂന്നാം സ്ഥാനക്കാരായി ബൗൾ ഫൈനൽസിലേക്ക് തള്ളപ്പെട്ടു.

ഇവിടെ മൂന്ന് കളിയിലും തോൽക്കാനായിരുന്നു വിധി. ആദ്യ യു.എ.ഇയോട് നാല് വിക്കറ്റ് തോൽവി. രണ്ടാം അങ്കത്തിൽ നേപ്പാൾ 92 റൺസിന് ഇന്ത്യയെ തരിപ്പണമാക്കി. ആദ്യം ബാറ്റു ചെയ്ത നേപ്പാൾ ആറ് ഓവറിൽ 137 റൺസെടുത്തു. ഇന്ത്യ 45 റൺസിന് ഓൾഔട്ടായി.

ഞായറാഴ്ച രാവിലെ നടന്ന അവസാന മത്സരത്തിൽ ശ്രീലങ്കക്കെതിരെ 48 റൺസിനായിരുന്നു തോൽവി. ആദ്യം ബാറ്റു ചെയ്ത ലങ്ക ലഹിരു സമരകൂൻ (52), ലഹിരു മധുശങ്ക (52) എന്നിവരും മികവിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കായി റോബിൻ ഉത്തപ്പ (13), ഭാരത് ചിപ്ലി (41), പ്രിയങ്ക് പഞ്ചാൽ (2), അഭിമന്യൂ മിഥുൻ (5), സ്റ്റുവർട്ട് ബിന്നി (24) എന്നിവർക് 90 റൺസിലെത്താനേ കഴിഞ്ഞുള്ളൂ.

ആസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക ഉൾപ്പെടെ 12 ടീമുകളാണ് ടൂർമെന്റിൽ പ​ങ്കെടുക്കുന്നത്.



© Madhyamam