ട്വന്റി20 ലോകകപ്പിന് നാളെ തുടക്കം; പരിക്ക് ഭീതിയിൽ ഇന്ത്യ; ഹർഷിദ് റാണ പുറത്ത്; പകരക്കാരൻ പരിചയസമ്പന്നൻ



ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യ നാളെ ക്രീസിലിറങ്ങാനിരിക്കെ ഡ്രസ്സിങ് റൂമിനെ നിരാശയിലാക്കി പരിക്ക് വാർത്ത. ഉദ്ഘാടന മത്സരത്തിൽ ശനിയാഴ്ച ഇന്ത്യ അമേരിക്കക്കെതിരെ കളിക്കാനുള്ള ഒരുക്കങ്ങൾക്കിടെ പേസ് ബൗളർ ഹർഷിദ് റാണയാണ് ഏറ്റവും ഒടുവിൽ പരിക്കു പട്ടിയിൽ ഇടം നേടിയത്. ബുധനാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ ഹർഷിദിന് ലോകകപ്പ് ടീമിലെ സ്ഥാനവും നഷ്ടമാവും.

രണ്ടു ദിവസത്തെ കാത്തിരിപ്പിനു ശേഷവും പരിക്കിൽ നിന്നും മുക്തമാവുന്നില്ലെന്ന സൂചനകൾക്കു പിന്നാലെ താരത്തെ ഒഴിവാക്കി പകരക്കാരനെ ടീമിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് ടീം മാനേജ്മെന്റ്. ബുധനാഴ്ചത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഫീൽഡിങ്ങിനിടെയാണ് പേസ് ബൗളർക്ക് പരിക്കേറ്റത്. മത്സരത്തിൽ ഒരു ഓവർ മാത്രമേ എറിയാൻ കഴിഞ്ഞുള്ളൂ. 16 റൺസും വിട്ടു നൽകി. ബൗൾ ചെയ്യാനുള്ള റണ്ണപ്പിനി​ടെ പലതവണ, മുട്ടിലെ വേദന വില്ലനായി മാറിയിരുന്നു.

ഹർഷിദിന് പകരം പരിചയ സമ്പന്നനായ പേസ് ബൗളർ മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. ശനിയാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ അമേരിക്കക്കെതിരെ ആദ്യ മത്സരം കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻടീമിനൊപ്പം ചേരാനായി മുഹമ്മദ് സിറാജ് മുംബൈയിലേക്ക് പറന്നതായും റിപ്പോർട്ടുകളുണ്ട്. അതേമസയം, ഹർഷിദ് റാണയെ ഒഴിവാക്കിയതും, പകരക്കാരൻ ആരെന്നും ടീം മാനേജ്മെന്റും ക്യാപ്റ്റൻ സൂര്യകുമാർ യാദവും സ്ഥിരീകരിച്ചിട്ടില്ല.

ഹർഷിദി​ന്റെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരമായതോടെ, വെള്ളിയാഴ്ച മെഡിക്കൽ ടീമിന്റെ പരിശോധനക്ക് വിധേയനായി.

നിലവിൽ ഹർഷിദിനെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും, കൂടുതൽ പരിശോധനകൾക്കു ശേഷം മാത്രമേ തീരുമാനമെടുക്കുവെന്നും ക്യാപ്റ്റൻ സൂര്യകുമാർ പ്രീമാച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകകപ്പിന് നേരത്തെ തന്നെ ടീം പ്രഖ്യാപിച്ച് ഇന്ത്യ തയ്യാറെടുപ്പ് ആരംഭിച്ചുവെങ്കിലും പരിക്ക് പ്രശ്നമായി തുടരുകയാണ്. ലോകകപ്പ് ടീമിൽ ഇടം നേടിയ വാഷിങ്ടൺ സുന്ദർ പരിക്ക് കാരണം ന്യൂസിലൻഡിനെതിരായ മത്സരത്തിൽ പുറത്തായിരുന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേർന്നതിനു പിന്നാലെയാണ് ഹർഷിദിന്റെ വാർത്തയെത്തുന്നത്. നേരത്തെ പരിക്കേറ്റ തിലക്‍വർമ സന്നാഹ മത്സരത്തിൽ ടീമിൽ തിരികെയെത്തിയിരുന്നു.



© Madhyamam