‘ദൈവം കരുണയുള്ളവനാണ്, ഇത്തവണയും എന്നെ അനുഗ്രഹിച്ചു’; ടീമിൽ തിരിച്ചെത്തിയതിനെ കുറിച്ച് പന്ത്



കൊൽക്കത്ത: ഇന്ത്യ -ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടെസ്റ്റിന് വെള്ളിയാഴ്ച കൊൽക്കത്തയിൽ തുടക്കമാകുകയാണ്. നാല് മാസത്തെ ഇടവേളക്കു ശേഷം ടീമിലേക്ക് ഉപനായകനായി തിരിച്ചെത്തിയ ഋഷഭ് പന്താണ് ആരാധകരുടെ ശ്രദ്ധാകേന്ദ്രം. ജൂലൈയിൽ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റിനിടെ പരിക്കേറ്റ താരം ഏറെനാളായി വിശ്രമത്തിലായിരുന്നു. മാസ്റ്ററിൽനിന്ന് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ താരം പിന്നീട് ഇന്ത്യൻ കുപ്പായമണിഞ്ഞത് ബംഗളൂരുവിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അനൗദ്യോഗിക ടെസ്റ്റിലാണ്. “പരിക്കേറ്റ ശേഷം തിരിച്ചുവരികയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ദൈവം കരുണയുള്ളവനാണ്, എപ്പോഴത്തേതും പോലെ ഇത്തവണയും എന്നെ അനുഗ്രഹിച്ചു. തിരികെ എത്താനായതിൽ ഏറെ സന്തോഷം” -ബി.സി.സി.ഐ പോസ്റ്റ് ചെയ്ത വിഡിയോയിൽ പന്ത് പറയുന്നു.

“ഓരോ തവണ മൈതാനത്ത് ഇറങ്ങുമ്പോഴും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. എല്ലായ്പ്പോഴും മുകളിലേക്ക് നോക്കി ദൈവത്തോട് നന്ദി പറയാറുണ്ട്. പരിക്കേറ്റ് ചികിത്സയിലായിരുന്ന സമയത്ത് കുടുംബവും സുഹൃത്തുക്കളും എല്ലാവരും നൽകിയ പിന്തുണ വളരെ വലുതാണ്. എന്‍റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ മാത്രമാണ് അപ്പോഴൊക്കെയും ഞാൻ ശ്രദ്ധ കേന്ദ്രീകരീച്ചത്. ഭാഗ്യം ഒരിക്കലും നമ്മുടെ കൈകളിൽ നിൽക്കുന്നതല്ല. സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം ചെയ്തിരുന്നതിനാൽ മറ്റ് വാർത്തകളൊന്നും എന്നെ ബാധിച്ചില്ല. ചെയ്യുന്ന കാര്യത്തിൽ എപ്പോഴും സന്തോഷം കണ്ടെത്താൻ കഴിയുക എന്നതാണ് എപ്പോഴും പ്രധാനം” -പന്ത് പറഞ്ഞു.

അതേസമയം വെസ്റ്റിൻഡീസിനെതിരായ പരമ്പര വിജയത്തിന്റെ തുടർച്ച പ്രതീക്ഷിച്ച് ഇറങ്ങുന്ന ശുഭ്മൻ ഗില്ലിനും സംഘത്തിനും അത്ര എളുപ്പമാവില്ല നിലവിലെ ടെസ്റ്റ് ലോകചാമ്പ്യന്മാർക്കെതിരായ പോരാട്ടം. ഉപനായകസ്ഥാത്തേക്ക് തിരിച്ചെത്തി പന്ത് ഇറങ്ങുമ്പോൾ സ്വാഭാവികമായും സ്ഥാനം നഷ്ടമാവേണ്ടത് വിൻഡീസിനെതിരെ പകരം കളിച്ച ധ്രുവ് ജുറെലിനാണ്. എന്നാൽ, മികച്ച ഫോമിൽ കളിക്കുന്ന ജുറെൽ ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരെ ഇന്ത്യ ‘എ’ക്ക് വേണ്ടി രണ്ടിന്നിങ്സിലും അപരാജിത സെഞ്ച്വറി നേടി തന്നെ ഒഴിവാക്കൽ പ്രയാസകരമാവുമെന്ന് ടീം മാനേജ്മെന്റിന് സൂചന നൽകിയിരുന്നു.

ഇന്ത്യ കളിപ്പിക്കാനിടയുള്ള മൂന്നു സ്പിന്നർമാരും (രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ) ഓൾറൗണ്ടർമാരാണെന്നിരിക്കെ അടുത്ത സാധ്യതയായ നിതീഷ് കുമാർ റെഡ്ഡിയെ മാറ്റിനിർത്താനാണ് ഗംഭീറിന്റെ തീരുമാനം. താരത്തെ രാജ്കോട്ടിൽ നടക്കുന്ന ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിന പരമ്പര കളിക്കാനായി ടെസ്റ്റ് ടീമിൽനിന്ന് മാറ്റിയിട്ടുണ്ട്. വിൻഡീസിനെതിരെ കളിച്ചെങ്കിലും ബാറ്റിങ്ങിലോ ബൗളിങ്ങിലോ നിതീഷിന് കാര്യമായ റോളുണ്ടായിരുന്നില്ല. ഒരിക്കൽ മാത്രം ബാറ്റിങ്ങിനിറങ്ങിയ നിതീഷ് നാല് ഓവർ മാത്രമേ എറിഞ്ഞുള്ളൂ. പിന്നാലെ ആസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന, ട്വന്റി20 ടീമിലുൾപ്പെട്ട നിതീഷ് പക്ഷേ, പരിക്കുമൂലം രണ്ട് ഏകദിനങ്ങളിൽ മാത്രമേ കളിച്ചുള്ളൂ. പരിക്കുമാറിയ താരം ഇപ്പോൾ ടീമിനൊപ്പമുണ്ട്.

ദക്ഷിണാഫ്രിക്കയും മൂന്ന് സ്പിന്നർമാരുമായി ഇറങ്ങാനാണ് സാധ്യത. തൊട്ടുമുമ്പ് പാകിസ്താനെതിരെ 1-1ന് സമനിലയിലായ പരമ്പരയിൽ കേശവ് മഹാരാജ്, സൈമൺ ഹാർമർ, സെനുരാൻ മുത്തുസ്വാമി എന്നിവർ ചേർന്ന് രണ്ടു ടെസ്റ്റിൽ 33 വിക്കറ്റ് വീഴ്ത്തിയിരുന്നു. ടെസ്റ്റ് പരമ്പരയിൽ മാറിനിൽക്കുന്നത് നിതീഷിന് നവംബർ 30ന് റാഞ്ചിയിൽ തുടക്കമാകുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ ഊർജമാകും.



© Madhyamam