
ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ റിഷഭ് പന്ത് വാർത്ത സമ്മേളനത്തിൽ, യശസ്വി ജയ്സ്വാളിന് നെറ്റ്സിൽ നിർദേശം
നൽകുന്ന കോച്ച് ഗൗതം ഗംഭീർ
ഗുവാഹതി: ചരിത്രത്തിലാദ്യമായി ടെസ്റ്റ് ക്രിക്കറ്റിന് വേദിയാവുകയാണ് ഗുവാഹതി നഗരം. ബറസപാറയിലെ അസം ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന് എ.സി.എ സ്റ്റേഡിയം ഇന്ന് മുതൽ വേദിയാകും. ആദ്യ കളിയിൽ ദയനീയമായി തോറ്റ ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാൻ വിജയം അനിവാര്യമാണ്.
പരിക്കേറ്റ് ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ശുഭ്മൻ ഗില്ലിന് പകരം റിഷഭ് പന്താണ് ആതിഥേയരെ നയിക്കുന്നത്. സ്വന്തം മണ്ണിൽ കളിക്കുമ്പോൾ എന്നും ആത്മവിശ്വാസത്തോടെയായിരുന്നു ഇന്ത്യ ഇറങ്ങിയിരുന്നത്. എന്നാാൽ, ആദ്യ ടെസ്റ്റിലെ തോൽവിക്ക് ശേഷം വിറച്ചുവിറച്ചാണ് ആതിഥേയരുടെ വരവ്. സ്പിന്നിനെതിരെ കളിക്കാനുള്ള തന്ത്രങ്ങളില്ലാതെ ബാറ്റർമാർ ഉഴലുകയായിരുന്നു കഴിഞ്ഞ ടെസ്റ്റിൽ. നായകൻ പന്തിന് ഇന്ന് ഏറെ നിർണായകമാകും. മുമ്പ് ട്വന്റി20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ റിഷഭ് പന്ത് ഇന്ത്യയെ നയിച്ചിട്ടുണ്ട്.
ടെസ്റ്റ് ഫോർമാറ്റിൽ ഒരു തവണ രഞ്ജി ട്രോഫി ഫൈനലിൽ ദൽഹിയുടെ ക്യാപ്റ്റനുമായിരുന്നു. ഗില്ലിന് പകരം സായ് സുദർശനാണ് സാധ്യത കൂടുതൽ. ഇല്ലെങ്കിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ടെസ്റ്റ് അരങ്ങേറ്റത്തിന് ഭാഗ്യം കൈവരും. ദക്ഷിണാഫ്രിക്കയുടെ ഓഫ് സ്പിന്നർ സൈമൺ ഹാർമറെ നേരിടുന്നതാണ് ആതിഥേയരുടെ വെല്ലുവിളി. ഫൽപ്രദമായി നേരിടാൻ വലംകൈയൻ ബാറ്റർമാർ ടീമിൽ കുറവാണ്. ഹാർമർ ഒന്നാം ടെസ്റ്റിൽ എട്ട് ഇരകളെയാണ് വീഴ്ത്തിയത്.
തുടക്കത്തിൽ ബാറ്റർമാർക്ക് തുണയാകുന്ന പിച്ച് പിന്നീട് സ്പിന്നർമാർക്ക് അനുകൂലമായേക്കും. ദക്ഷിണാഫ്രിക്കയുടെ സൂപ്പർ പേസർ കാഗിസോ റബാദ പരിക്ക് കാരണം കളിക്കില്ലെന്നത് ഇന്ത്യക്ക് ആശ്വാസമാണ്. രണ്ട് മത്സരങ്ങൾ മാത്രമുള്ള പരമ്പരയിൽ തോറ്റ ശേഷം തിരിച്ചുവരവ് കടുത്ത വെല്ലുവിളിയാണെന്ന് പന്ത് പറഞ്ഞു. ഇന്ത്യൻ ബൗളിങ്ങിൽ രവീന്ദ്ര ജദേജയിലാണ് കൂടുതൽ പ്രതീക്ഷ. ജസ്പ്രീത് ബുംറയും കുൽദീപ് യാദവും ആൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ഇലവനിലുണ്ടാകും.
അസമിൽ നേരത്തേ സൂര്യൻ അസ്തമിക്കുന്നതിനാൽ പതിവുള്ള 9.30ന് പകരം ഒമ്പതിനാണ് മത്സരം തുടങ്ങുക. രാജ്യത്തെ 30ാമത്തെ ടെസ്റ്റ് വേദിയാണ് ഗുവാഹതി.
