
മസ്കത്ത്: ജി.സി.സി വനിത ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ഒമാൻ രണ്ടാം ജയം കുറിച്ചു. ഒമ്പതു വിക്കറ്റിന് ബഹ്റൈനെയാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബഹ്റൈൻ ഏഴു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുത്തപ്പോൾ ഒമാൻ വനിതകൾ 46 പന്ത് ശേഷിക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ റൺ കുറിച്ചു. മറ്റൊരു മത്സരത്തിൽ സൗദിയെ ഖത്തർ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തി. സൗദി ബാറ്റിങ് 64 റണ്ണിലൊതുങ്ങിയപ്പോൾ 72 പന്ത് ശേഷിക്കെയായിരുന്നു ഖത്തറിന്റെ ജയം.
