‘പിച്ചിന് ഒരു കുഴപ്പവുമില്ല…’; ഈഡൻ ഗാർഡൻസിലെ ഇന്ത്യയുടെ തോൽവിക്കു പിന്നാലെ ബാറ്റർമാരെ പഴിച്ച് ഗംഭീർ



കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കക്കെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യൻ ബാറ്റർമാരെ രൂക്ഷമായി വിമർശിച്ച് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. തങ്ങളുടെ ആവശ്യപ്രകാരമുള്ള പിച്ചാണ് ഒരുക്കിയതെന്നും പക്ഷേ ബാറ്റർമാർ സ്പിൻ ബൗളിങ്ങിനെതിരെ നന്നായി കളിച്ചില്ലെന്നും ഗംഭീർ കുറ്റപ്പെടുത്തി. നാട്ടിൽ നടന്ന അവസാന ആറു ടെസ്റ്റുകളിൽ ഇന്ത്യയുടെ നാലാമത്തെ തോൽവിയാണിത്. 124 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 93 റൺസിൽ ഓൾ ഔട്ടായി.

പ്രോട്ടീസിന് 30 റൺസിന്‍റെ ഗംഭീര ജയം. പതിനഞ്ചു വർഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. ഈഡൻ ഗാർഡ‍ൻസിൽ 2012നു ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നതും. ഈ നൂറ്റാണ്ടിൽ ഇന്ത്യയുടെ ഏറ്റവും വലിയ നാണംകെട്ട തോൽവി. ‘ഞങ്ങൾ ആഗ്രഹിച്ച തരത്തിലുള്ള പിച്ചാണിത്. ക്യൂറേറ്ററുടെ ഭാഗത്തിനുന്ന് മികച്ച പിന്തുണയുണ്ടായിരുന്നു. പിച്ചിന് ഒരു കുഴപ്പവുമില്ല. ദക്ഷിണാഫ്രിക്ക നായകൻ തെംബ ബാവുമ റൺസ് നേടിയില്ലെ, വാഷിങ്ടൺ സുന്ദറും അക്സർ പട്ടേലും റൺസ് കണ്ടെത്തിയല്ലോ’ -മത്സരശേഷം ഗംഭീർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പിച്ചിനെ ചൊല്ലിയും വിവാദം കൊഴുക്കുന്നുണ്ട്.

ഇരു ടീമിലെയും ബാറ്റർമാർക്ക് ചതിക്കുഴിയായി മാറിയ പിച്ചിൽ ഒരു ടീമും 200 റൺസിന് മുകളിലെത്തിയില്ല. ഇതോടെ ഇന്ത്യൻ ടീമിന്റെയും ആരാധകരുടെയും പഴി മുഴുവൻ ഈഡൻ ഗാർഡൻസിലെ ക്യൂറേറ്റർ സുജൻ മുഖർജിക്കായി. ക്യൂറേറ്ററെ പ്രതിരോധിച്ചുകൊണ്ട് മുൻ ഇന്ത്യൻ നായകനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനുമായ സൗരവ് ഗാംഗുലി രംഗത്തെത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിന്റെ നിർദേശ പ്രകാരം കൂടിയാണ് പിച്ചൊരുക്കിയതെന്നായിരുന്നു ഗാംഗുലിയുടെ വിശദീകരണം. പിച്ചിനെ കുറ്റപ്പെടുത്തുകയല്ല, കളിക്കരെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നായിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ താരം വെർനോൺ ഫിലാൻഡറുടെ അഭിപ്രായം.

നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സിമോൺ ഹാർമറാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യയെ തകർത്തത്. ആദ്യ ഇന്നിങ്സിലും താരം നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. നായകൻ തെംബ ബാവുമയുടെ അപരാജിത ചെറുത്തുനിൽപ്പാണ് പ്രോട്ടീസിനെ രണ്ടാം ഇന്നിങ്സിൽ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 136 പന്തിൽ 55 റൺസെടുത്ത താരം പുറത്താകാതെ നിന്നു. ബാവുമക്കു കീഴിൽ ദക്ഷിണാഫ്രിക്ക കളിച്ച അവസാന 11 ടെസ്റ്റ് മത്സരങ്ങളിൽ ടീം തോൽവി അറിഞ്ഞിട്ടില്ല. 10 ടെസ്റ്റുകൾ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. ആസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ജയം ഉൾപ്പെടെയാണിത്. ഇതോടെ ഒരു മത്സരം പോലും തോൽക്കാതെ അതിവേഗം 10 ടെസ്റ്റുകൾ ജയിക്കുന്ന നായകനെന്ന ചരിത്ര നേട്ടം ബാവുമ സ്വന്തമാക്കി.



© Madhyamam