
മുംബൈ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ലെന്ന തർക്കത്തിൽ ബംപർ അടിച്ചത് വിമാന കമ്പനികൾക്ക്. തർക്കം അവസാനിപ്പിച്ച് ഇരു രാജ്യങ്ങളും ഞായറാഴ്ച പരസ്പരം കളിക്കളത്തിൽ ഏറ്റുമുട്ടുമെന്ന് വ്യക്തമായതോടെ ശ്രീലങ്കയിലെ കൊളംബോയിലേക്കുള്ള വിമാനയാത്ര ടിക്കറ്റ് നിരക്ക് റോക്കറ്റ് പോലെ കുതിച്ചുയർന്നു. കളി കാണാൻ ക്രിക്കറ്റ് പ്രേമികൾ കൂട്ടമായി അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്തതോടെയാണ് നിരക്ക് വർധിച്ചത്.
കൊളംബോയിലേക്കും മടക്കയാത്രക്കുമുള്ള ടിക്കറ്റ് നിരക്ക് ചെന്നൈയിൽ നിന്നും കൊച്ചിയിൽ നിന്നും ഏകദേശം 50,000 രൂപയാണ് തോമസ് കുക്ക് ഇന്ത്യ അവസാന നിമിഷം ഈടാക്കിയത്. അതേസമയം, മുംബൈയിൽനിന്ന് 70,000 രൂപയും ഡൽഹിയിൽനിന്ന് 90,000-1,00,000 രൂപയുമാണ്.
സാധാരണ ഫെബ്രുവരിയിലെ വാരാന്ത്യത്തെ അപേക്ഷിച്ച് ബുക്കിങ് വോള്യത്തിൽ 22 ശതമാനത്തിന്റെ വർധനവുണ്ടായതായി പിക്യുവർട്രെയിൽ സഹസ്ഥാപകൻ ഹരി ഗണപതി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലാണ് ബുക്കിങ്ങുകളിൽ ഭൂരിഭാഗവും നടന്നത്. അവസാന നിമിഷം ഡിമാന്റ് കുതിച്ചുയർന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റി 20 ലോകകപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട ഫ്ലൈറ്റ് ബുക്കിങ്ങുകൾ ജനുവരിയെയും പരിപാടികൾ ഇല്ലാത്ത കാലയളവിനെയും അപേക്ഷിച്ച് 20 ശതമാനത്തിലധികം വർധിച്ചതായി ഓൺലൈൻ ട്രാവൽ പോർട്ടലായ ക്ലിയർട്രിപ്പിലെ ചീഫ് ഗ്രോത്ത് ആൻഡ് ബിസിനസ് ഓഫീസർ മഞ്ജരി സിംഗാൾ ചൂണ്ടിക്കാട്ടി. കൊളംബോയിലേക്കാണ് ഏറ്റവും കൂടുതൽ ബുക്കിങ് നടന്നത്. ഇന്ത്യ-പാകിസ്താൻ കളിയുമായി ബന്ധപ്പെട്ട് കൊളംബോയിലേക്കുള്ള ബുക്കിങ് 65 ശതമാനം ഉയർന്നതായും അവർ വ്യക്തമാക്കി.
ഹോട്ടൽ ബുക്കിങ്ങിലും 35 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. മിഡ് ബജറ്റ്, പ്രീമിയം ഹോട്ടലുകളാണ് യാത്രക്കാർ തിരഞ്ഞെടുത്തത്. ഇന്ത്യക്കാരെ സംബന്ധിച്ച് പെട്ടെന്ന് എത്താൻ കഴിയുന്ന നഗരമാണ് കൊളംബോ. മാത്രമല്ല, ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാൻ വിസ ആവശ്യമില്ലെന്നതും അവസാന നിമിഷത്തെ ബുക്കിങ് എളുപ്പമാക്കിയതായി മഞ്ജരി സിംഗാൾ പറഞ്ഞു.
മത്സരം നടക്കുന്ന കൊളംബോയിലെ സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള പ്രീമിയം ഹോട്ടൽ നിരക്കിലും വർധനവ് ഉണ്ടായിട്ടുണ്ടെന്ന് തോമസ് കുക്ക് ഇന്ത്യ പ്രസിഡന്റ് രാജീവ് കാലെ പറഞ്ഞു. മുംബൈ, ഡൽഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ യാത്രക്കാരിൽനിന്നാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് രേഖപ്പെടുത്തിയത്. കൊളംബോയിൽ മാത്രമല്ല, തൊട്ടടുത്ത നഗരങ്ങളായ ഗാലെയിലും കാൻഡിലും ഹോട്ടൽ ബുക്കിങ് ഡിമാന്റ് വർധിച്ചിട്ടുണ്ട്.
