ചെന്നൈ: ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ബാക്കപ്പ് ഓപ്പണിങ് ഓപ്ഷനായി രണ്ടുവർഷത്തോളം തുടർന്ന ശേഷം, പരിചയസമ്പന്നനായ ബംഗാൾ ബാറ്റർ അഭിമന്യു ഈശ്വരനെ വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി. ഈശ്വരൻ ഇപ്പോഴും തന്റെ ആദ്യ ടെസ്റ്റ് ക്യാപ്പണിയാനായി കാത്തിരിക്കുകയാണ്, എന്നാൽ ഒക്ടോബറിൽ നടക്കുന്ന രണ്ട് മത്സരങ്ങളുള്ള പരമ്പരക്കായുള്ള 16 അംഗ ടീമിൽ അഭിമന്യുവിന്റെ പേര് ഉൾപ്പെടുത്താത്തതിനാൽ അവസരത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈശ്വരന് ടീമിൽ സ്ഥിരതയാർന്ന സ്ഥാനം നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളാണ്. കഴിഞ്ഞ 12 മാസത്തിനിടെ ആസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നടന്ന എ ലെവൽ മത്സരങ്ങളിലും പര്യടനങ്ങളിലും സ്ഥിരതയില്ലാത്ത ബാറ്റിങ് മൂലം ഗൗതം ഗംഭീറിനും അദ്ദേഹത്തിന്റെ ടീമിന് മുന്നിലും തികഞ്ഞ കളിക്കാരനെന്ന് പറയിപ്പിക്കാൻ കഴിഞ്ഞുമില്ല..
എന്നിരുന്നാലും, മുൻ ഇന്ത്യൻ ഓപ്പണർ ക്രിസ് ശ്രീകാന്തിന്റെ അഭിപ്രായത്തിൽ, അഭിമന്യുവിനെ പുറത്താക്കിയതിലേക്ക് നയിച്ചത് സ്വന്തം പ്രകടനങ്ങളേക്കാൾ ചുറ്റുമുള്ള കാര്യങ്ങളാണ്. – പ്രത്യേകിച്ച്, ബംഗാൾ ബാറ്ററിന്റെ പിതാവ് ഇംഗ്ലണ്ട് പര്യടനത്തിനുളള ടീമിൽ തന്റെ മകനെ ഉൾപ്പെടുത്താതിരുന്നതിൽ സെലക്ഷൻ കമ്മിറ്റിക്കെതിരെ നടത്തിയ പരാമർശങ്ങളാവാമെന്ന് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരക്കുശേഷം നടന്ന മിക്ക അഭിമുഖങ്ങളിലും അഭിമന്യുവിന്റെ പിതാവ് രംഗനാഥൻ ടീം സെലക്ഷൻ കമ്മിറ്റിക്കെതിരെയും കോച്ച് ഗൗതം ഗംഭീറിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഗംഭീർ അഭിമന്യുവിനെ കളിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, ആഭ്യന്തര ക്രിക്കറ്റിൽ മോശം പ്രകടനം കാഴ്ചവെച്ച ചില കളിക്കാരെ ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിലെടുത്തെന്നും ആരോപിച്ചിരുന്നു. മാനേജ്‌മെന്റിനെതിരെ നടത്തിയ ഇത്തരം വിമർശനങ്ങൾക്ക് തന്റെ മകന് കനത്ത വില നൽകേണ്ടി വന്നെന്നാണ്
ശ്രീകാന്ത് പറയുന്നത്. അഗാർക്കർ പറഞ്ഞതാണ് ശരി കാരണം ഇംഗ്ലണ്ടിലേക്ക് പോയ ടീമിന് ഒരു ബാക്കപ് ഓപണറുടെ ആവശ്യമുണ്ടായിരുന്നേയില്ല. വെസ്റ്റിൻഡീസിനെതിരെയുള്ള പരമ്പര ഒക്ടോബർ രണ്ടിന് അഹ്മദാബാദിൽ ആരംഭിക്കും. കെ.എൽ.രാഹുലും യശസ്വി ജയ്സ്വാളുമാകും ഓപണർമാരായി ഇറങ്ങുകയെന്നും കൃഷ്ണമാചാരി ശ്രീകാന്ത് വെളിപ്പെടുത്തി.