
ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് 2025 ടൂർണമെന്റിൽ ബംഗ്ലാദേശ് എയോട് തോറ്റ് ഫൈനൽ കാണാതെ ഇന്ത്യ എ പുറത്തായി. സൂപ്പർ ഓവറിലേക്ക് കടന്ന ത്രില്ലർ പോരിലായിരുന്നു ഇന്ത്യയുടെ തോൽവി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ അവസാന പന്തിൽ മൂന്നു റൺസ് ഓടിയെടുത്താണ് സ്കോർ 194ൽ എത്തിച്ചത്. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലെത്തിയത്. അവസാന ഓവറുകളിൽ ഫീൽഡിങ്ങിൽ ബംഗ്ലാദേശ് താരങ്ങൾ വരുത്തിയ പിഴവുകളാണ് ഇന്ത്യയെ ഒപ്പമെത്താൻ സഹായിച്ചത്. ഓപ്പണർമാരായ കൗമാരതാരം വൈഭവ് സൂര്യവംശിയും പ്രിയാൻഷ് ആര്യയും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്.
ആദ്യ ഓവറിൽ തന്നെ വൈഭവ് 19 റൺസ് അടിച്ചെടുത്തു. രണ്ടാം ഓവറിലും ബംഗ്ലാദേശ് വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ടീം സ്കോർ 33 റൺസിലെത്തി. പ്രിയാൻഷ് ആര്യയും സ്കോർ കണ്ടെത്തിയതോടെ ഇന്ത്യ മൂന്നോവറിൽ 49 റൺസിലെത്തി. എന്നാൽ നാലാം ഓവറിൽ കൂറ്റനടിക്ക് ശ്രമിക്കവേ വൈഭവ് പുറത്തായി. പ്രിയാൻഷ് 23 പന്തിൽ 44 റൺസെടുത്തു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയാണ്, ജിതേഷ് ശർമയും രമൺദീപ് സിങ്ങുമാണ് ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ പന്തിൽ തന്നെ ജിതേഷ് ശർമ ക്ലീൻ ബൗൾഡ്. തൊട്ടടുത്ത പന്തിൽ അശുതോഷ് ശർമയും പുറത്തായതോടെ പൂജ്യം റണ്ണിന് ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു. ബംഗ്ലാദേശിന് ജയിക്കാൻ ഒരു റണ്ണ്. മറുപടി ബാറ്റിങ്ങിൽ സുയാഷ് ശർമ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ യാസിൽ അലി പുറത്ത്. തൊട്ടടുത്ത പന്ത് വൈഡ് എറിഞ്ഞതോടെ ബംഗ്ലാദേശ് ഫൈനലിൽ.
അതേസമയം, നിർണായക സൂപ്പർ ഓവറിൽ വെടിക്കെട്ട് താരം വൈഭവിനെ ബാറ്റിങ്ങിന് ഇറക്കാത്ത ടീം മാനേജ്മെന്റ് തീരുമാനത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ് വൈഭവ്. നാലു ഇന്നിങ്സുകളിൽനിന്ന് 239 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഈ മത്സരത്തിലും പതിനാലുകാരൻ നാലു സിക്സടക്കം 15 പന്തിൽ 38 റൺസെടുത്തു. എന്നിട്ടും താരത്തെ സൂപ്പർ ഓവറിൽ കളിപ്പിക്കാത്ത തീരുമാനം വലിയ മണ്ടത്തരമായെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘സൂപ്പർ ഓവറിൽ വൈഭവ് സൂര്യവംശിയെ ഇറക്കാത്ത ജിതേഷ് ശർമയുടെ തീരുമാനം വലിയ നാണക്കേടായി. ടീമിലെ ഏറ്റവും മികച്ച, അപകടകാരിയായ ബാറ്റർ വൈഭവാണെന്നതിൽ ഒരു തർക്കവുമില്ല. അങ്ങേയറ്റം ലജ്ജാകരം’ -ഒരു ആരാധകൻ എക്സിൽ കുറിച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. ഹബീബുര്‍ റഹ്മാനും ജിഷാന്‍ ആലമും തകര്‍ത്തടിച്ചതോടെ ടീം നാലോവറില്‍ 43 റണ്‍സിലെത്തി. ആലമിനെ മടക്കി (14 പന്തിൽ 26 റൺസ്) ഗുർജപ്നീത് സിങ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. സവാദ് അബ്രാർ (19 പന്തിൽ 13), നായകൻ അഖ്ബർ അലി (10 പന്തിൽ ഒമ്പത്), അബു ഹൈദർ (പൂജ്യം) എന്നിവരെല്ലാം മടങ്ങിയെങ്കിലും ഒരറ്റത്ത് അർധ സെഞ്ച്വറി നേടി ഹബീബുർ നിലയുറപ്പിച്ചു. ഒടുവിൽ ഗുർജപ്നീത് വീണ്ടും ഇന്ത്യയുടെ രക്ഷക്കെത്തി. ഹബീബുറിനെ ദുബെയുടെ കൈകളിലെത്തിച്ചു.
18 ഓവര്‍ അവസാനിക്കുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ അവസാന രണ്ടോവറുകളില്‍ എസ്.എം. മെഹറോബും യാസിര്‍ അലിയും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ബംഗ്ലാദേശിനെ 194ൽ എത്തിച്ചത്. നമന്‍ ധിര്‍ എറിഞ്ഞ 19ാം ഓവറില്‍ മെഹറോബ് 28 റണ്‍സ് അടിച്ചെടുത്തു. നാല് സിക്സറുകളും ഒരു ഫോറും നേടി. 20-ാം ഓവറില്‍ യാസിര്‍ അലി 22 റണ്‍സും നേടി.
