ആഷസിനിടെ വെള്ളമടിച്ച് പൂസായി ഇംഗ്ലീഷ് താരങ്ങൾ; ആറ് ദിവസവും ഫുൾ ഫിറ്റ്; വൻ തോൽവിക്കു പിന്നാലെ വടിയെടുത്ത് ഇംഗ്ലീഷ് ബോർഡ്



ലണ്ടൻ: ആസ്​​ട്രേലിയൻ മണ്ണിൽ പുരോഗമിക്കുന്ന ആഷസ് പരമ്പരക്കിടെ ഇംഗ്ലണ്ട് ആരാധകരെ നാണംകെടുത്തി ടീമിന്റെ തോൽവിയും, കളിക്കാരുടെ വെള്ളമടിയും. ആഷസിൽ ബോക്സിങ് ഡേ ടെസ്റ്റ് ഉൾപ്പെടെ രണ്ട് മത്സരങ്ങൾ ശേഷിക്കെ,ആദ്യ മൂന്നിലും തോറ്റ് ഇംഗ്ലീഷ് ടീം പരമ്പര അടിയറവുവെച്ചതിന്റെ നാണക്കേടിനിടയിലാണ് ടീം അംഗങ്ങൾ കുടിച്ച് പൂസായ വാർത്ത പുറംലോകത്തെത്തുന്നത്.

ബ്രിസ്ബെയ്നിൽ നടന്ന രണ്ടാം ടെസ്റ്റിനും, അഡ്ലെയ്ഡിൽ നടന്ന മൂന്നാം ടെസ്റ്റിനുമിടയിൽ ടീം അംഗങ്ങൾ നൂസയിൽ വിശ്രമിക്കാനെത്തിയപ്പോൾ അമിത മദ്യപാനവും മോശം പെരുമാറ്റവുമുണ്ടായെന്നാണ് റിപ്പോർട്ട്.

അഞ്ച് ടെസ്റ്റുകൾ അങ്ങിയ ദൈർഘ്യമേറിയ പരമ്പരക്കിടെ, കളിക്കാർക്ക് വി​ശ്രമിക്കാനും ഉല്ലസിക്കാനുമുള്ള ഇടവേളയെന്ന നിലയിലാണ് ഡിസംബർ ഏഴിന് കഴിഞ്ഞ രണ്ടാം ടെസ്റ്റിനു ശേഷം ബ്രിസ്ബെയ്നിലെ കടലോര വിനോദ സഞ്ചാര കേന്ദ്രമായ നുസയിലെത്തിയത്. 11 ദിവസമായിരുന്നു രണ്ടും മൂന്നും ടെസ്റ്റിനിടയിലെ ഇടവേള. ഇതിൽ ആറ് ദിവസവും ടീം അംഗങ്ങളിൽ ഒരുവിഭാഗം അമിതമായ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.

വാർത്തകൾക്കു പിന്നാലെ, ടീം അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനമുയർന്നതോടെയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അന്വേഷണം ആരംഭിച്ചത്. ഇ.സി.ബി പുരുഷ ടീം മാനേജിങ് ഡയറക്ടർ റോബ് കിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ദൈർഘ്യമേറിയ മത്സരത്തിനിടെ ടീ അംഗങ്ങൾ വിശ്രമിക്കുന്നതും അൽപം മദ്യപിക്കുന്നതും തെറ്റല്ല. എന്നാൽ അമിതമായി മദ്യപിക്കുന്നത് അനുവദിക്കില്ല -അദ്ദേഹം പ്രതികരിച്ചു.

സുപ്രധാന മത്സരങ്ങളുള്ള അന്താരാഷ്ട്ര ടീം അംഗങ്ങളുടെ അമിത മദ്യപാനം ഒരുതരത്തിലും അംഗീകരിക്കില്ല. ഇതുവരെയുള്ള അനുഭവത്തിൽ നിന്ന് ടീം അംഗങ്ങൾ നല്ല പെരുമറ്റമുള്ളവരായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും -റോബ് കി പറഞ്ഞു.

ടീം അംഗം ബെൻ ഡക്കറ്റ് ബാറിന് പുറത്ത് മദ്യപിച്ച് ലക്കുകെട്ട നിലയിൽ നിൽക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. പബിൽ ഇരുന്ന് മദ്യപിക്കുന്നതിന്റെയും, ആരാധകരുമായി സംസാരിക്കുന്നതിന്റെയും ഉൾപ്പെടെ ചിത്രങ്ങളും വ്യപകമായി പ്രചരിക്കുന്നുണ്ട്. മദ്യപിക്കുക മാത്രമല്ല, ബീച്ചിലെ മറ്റു സന്ദർശകരോട് അപമര്യാദയായി പെരുമാറിയെന്നും വാർത്തകളുണ്ട്. ആഷസിലെ മൂന്ന് ടെസ്റ്റിലും ദയനീയമായി തോറ്റതോടെയാണ് കളിക്കാരുടെ അമിതമദ്യപാനം വിവാദമായി മാറിയത്.

ആഷസ് പരമ്പരക്ക് മുമ്പ് ന്യൂസിലൻഡിലെ പര്യടനത്തിനിടെയാണും ഇംഗ്ലീഷ് ടീം അംഗങ്ങൾമത്സര തലേന്ന് രാത്രിയിൽ മദ്യപിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു.

ആഷസിനിടയിലെ വെള്ളമടി നേരത്തെും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. 2013ൽ 3-0ത്തിന് പരമ്പര ജയിച്ചതിനു പിന്നാലെ, വിക്ടറി പാർട്ടിയിൽ മദ്യപിച്ചശേഷം ഗ്രൗണ്ടിലെത്തിയ ടീം അംഗങ്ങൾ ഓവലിലെ പിച്ചിൽ മുത്രമൊഴിച്ചത് വൻ വിവാദമാണ്സൃഷ്ടിച്ചത്.

1989ൽ ഇംഗ്ലണ്ടിലേക്കുള്ള ആഷസ് ടൂർ യാത്രക്കിടെ മുൻ ഓസീസ് ഇതിഹാസം വിമാനത്തിൽ വെച്ച് 52 ബിയർ കാനുകൾ കുടിച്ചു തീർത്തതാണ് ക്രിക്കറ്റ് ലോകത്തെ എന്നത്തേയും വലിയ വെള്ളമടി വാർത്ത.

ആഷസിലെ ഒന്നും രണ്ടും ടെസ്റ്റിൽ ആസ്ട്രേലിയ എട്ട് വിക്കറ്റിനും, മൂന്നാം ടെസ്റ്റ് 82 റൺസിനുമാണ് ജയിച്ചത്. നാലാം ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് പുതിയ വിവാദം.



© Madhyamam