ഒരുക്കിയത് ഗംഭീറും ടീമും ആവശ്യപ്പെട്ട പിച്ചെന്ന് ഗാംഗുലി; ഈഡനിലെ തോൽവിക്കു പിന്നാലെ പിച്ചിനെ ചൊല്ലി വിവാദം



കൊൽക്കത്ത: ആറു വർഷത്തിനു​ ശേഷം ഈഡൻ ഗാർഡൻസിൽ വിരുന്നെത്തിയ ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ നാണംകെട്ട തോൽവിക്കു പിന്നാലെ പിച്ചിനെ പിടിച്ച് വിവാദം.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഇന്നിങ്സിൽ 124 റൺസ് എന്ന നിസ്സാര സ്കോർ പിന്തുടർന്ന് ബാറ്റ് വീശിയിട്ടും 93 റൺസിൽ പുറത്തായി 30 റൺസിന്റെ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് ഇന്ത്യൻ ബാറ്റർമാരുടെ ശവപ്പറമ്പായി മാറിയ ഈഡനിലെ പിച്ച് വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയത്. അഞ്ചു ദിവസത്തെ ടെസ്റ്റ് മത്സരം മൂന്ന് ദിവസത്തിനുള്ളിൽ അവസാനിച്ചതോടെയാണ് പിച്ച് വിവാദങ്ങളിൽ കുരുങ്ങിയത്.

ഇരു ടീമിലെയും ബാറ്റർമാർക്ക് ചതിക്കുഴിയായി മാറിയ പിച്ചിൽ ഒരു ടീമും 200 റൺസിന് മുകളിലെത്തിയില്ല. ഇതോടെയാണ് പിച്ചിന്റെ പേരിൽ വിവാദം കനത്തത്. ഇതോടെ ഇന്ത്യൻ ടീമിന്റെയും ആരാധകരുയെും പഴി മുഴുവൻ ഈഡൻ ഗാർഡൻസിലെ ക്യൂറേറ്റർ സുജൻ മുഖർജിക്കായി.

എന്നാൽ, ക്യൂറേറ്ററെ പ്രതിരോധിച്ചുകൊണ്ട് മുൻ ഇന്ത്യൻ നായകനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനുമായ സൗരവ് ഗാംഗുലി രംഗത്തെത്തി.

ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിന്റെ നിർദേശ പ്രകാരം കൂടിയാണ് പിച്ചൊരുക്കിയതെന്നായിരുന്നു ഗാംഗുലിയുടെ വിശദീകരണം. പിച്ചിന്റെ പേരിൽ ക്യൂറേറ്ററെ പഴിചാരേണ്ടതില്ലെന്നും മുൻ ക്യാപ്റ്റൻ പറഞ്ഞു. മത്സരം ആരംഭിക്കുന്നതിന് നാല് ദിവസം മുമ്പേ പിച്ചിലെ വെള്ളം ഒഴിക്കൽ നിർത്തിയാൽ ഇതാസ് സംഭവിക്കുകയെന്നും, അതിന് ക്യുറേറ്ററെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കളിയുടെ രണ്ടാം ദിനത്തിൽ തന്നെ പിച്ചിന്റെ ഗതിയെ ചൊല്ലി വിവാദം തുടങ്ങിയിരുന്നു. മത്സരത്തിന് തലേ ദിനം രാത്രി വരെ നനക്കൽ വേണ്ട പിച്ചിൽ നാലു ദിവസം മുമ്പേ വെള്ളം ഒഴിക്കൽ നിർത്തിയത് തെറ്റായെന്നും മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് പറഞ്ഞു.

​അതേസമയം, പിച്ചികെ കുറ്റപ്പെടുത്തുകയല്ല, കളിക്കരെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നായിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ താരം വെർനോൺ ഫിലാൻഡറുടെ അഭിപ്രായം.

എന്നാൽ, ടെസ്റ്റ് ​ക്രിക്കറ്റിനെ കൊല്ലുന്നതാണ് ഇത്തരം പിച്ചുകളെന്ന വിമർശനവുമായാണ് ഹർഭജൻ സിങ് രംഗത്തെത്തിയത്.



© Madhyamam