
ചെന്നൈ: ഐ.പി.എൽ 2026 ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള (സി.എസ്.കെ) സഞ്ജു സാംസണിന്റെ മാറ്റം കേവലം ക്രിക്കറ്റുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ടല്ലെന്ന് ഇന്ത്യൻ താരം ഹനുമ വിഹാരി. രവീന്ദ്ര ജദേജക്ക് പകരമായാണ് സഞ്ജു ചെന്നൈയിലെത്തിയത്. എന്നാൽ, സഞ്ജുവിനെ ടീമിലെടുത്തത് അദ്ദേഹത്തിന്റെ വാണിജ്യ മൂല്യം പരിഗണിച്ചാണെന്ന് വിഹാരി അഭിപ്രായപ്പെട്ടു. തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വിഹാരി ഇക്കാര്യം പറയുന്നത്.
ദക്ഷിണേന്ത്യയിൽ സഞ്ജുവിന് വലിയ ആരാധകവൃന്ദമുണ്ട്. കേരളത്തിൽ നിന്നുള്ള ആരാധകർ അദ്ദേഹം കളിക്കുന്നിടത്തെല്ലാം പിന്തുണയുമായി എത്താറുണ്ട്. ഈ വലിയ ഫാൻ ബേസ് ടീമിന് വലിയ വാണിജ്യ ലാഭം നൽകും. ചെന്നൈക്ക് നിലവിൽ ഓപ്പണർമാരുടെ കുറവില്ല. ഋതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ തുടങ്ങിയ മികച്ച ഓപണർമാർ അവർക്കുണ്ട്. അതിനാൽ ഒരു ഓപണർ എന്ന നിലയിൽ സഞ്ജുവിനെ അവർക്ക് അത്യാവശ്യമായിരുന്നില്ല.
സഞ്ജുവിന് സി.എസ്.കെയിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യേണ്ടി വരുമെന്നും വിഹാരി നിരീക്ഷിക്കുന്നു. ഐ.പി.എൽ എന്നത് ക്രിക്കറ്റ് മാത്രമല്ലെന്നും, ഉടമകൾ കളിക്കാരുടെ ജനപ്രീതിയും വാണിജ്യ സാധ്യതകളും കൂടി കണക്കിലെടുത്താണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും വിഹാരി പറയുന്നു. താരലേലത്തിന് തൊട്ടുമുമ്പാണ് സഞ്ജു സാംസണിന്റെ ട്രേഡിൽ ഐ.പി.എൽ ഫ്രാഞ്ചൈസികൾ അന്തിമ തീരുമാനത്തിലെത്തിയത്. സഞ്ജുവിന് പകരം ഓൾറൗണ്ടർമാരായ രവീന്ദ്ര ജദേജയേയും സാം കറനെയും സി.എസ്.കെ രാജസ്ഥാൻ റോയൽസിന് കൈമാറി.
അതേസമയം അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള തയാറെടുപ്പിലാണ് സഞ്ജു സാംസൺ. ഇന്ത്യൻ ബാറ്റിങ് ഇതിഹാസം യുവരാജ് സിങ്ങിന് കീഴിൽ പരിശീലനം നടത്തുന്ന താരത്തിന്റ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സഹതാരങ്ങളായ അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, പ്രഭ്സിമ്രാൻ സിങ് എന്നിവരെല്ലാം യുവരാജിന്റെ ശിഷ്യന്മാരായിരുന്നു.
ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാകുന്ന ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് സഞ്ജുവിന്റെ കഠിന പരിശീലനം. ഇതിനു മുന്നോടിയായി ന്യൂസിലൻഡിനെതിരെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയും കളിക്കുന്നുണ്ട്. ലോകകപ്പിനുള്ള സ്ക്വാഡ് തന്നെയാണ് ഈ പരമ്പരയിലും ഇന്ത്യക്കായി കളിക്കുന്നത്. ശുഭ്മൻ ഗില്ലിനെ സ്ക്വാഡിൽനിന്ന് ഒഴിവാക്കിയതോടെയാണ് പ്ലെയിങ് ഇലവനിൽ സഞ്ജു സ്ഥാനം ഉറപ്പിച്ചത്. അഭിഷേക് ശർമക്കൊപ്പം ഓപണിങ് റോളിലേക്ക് സഞ്ജു തിരിച്ചെത്തും.
