മൂന്നു തവണ ലോകകപ്പ് നേടിയ താരത്തെ ഒഴിവാക്കി, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഓസീസിന്‍റെ 2026-27 വാർഷിക കരാർ



യുവ ഓപ്പണിങ് ബാറ്റർ സാം കോൺസ്റ്റാസിനെയും വെറ്ററൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്‍വെല്ലിനെയും ഒഴിവാക്കി ക്രിക്കറ്റ് ആസ്ട്രേലിയയുടെ 2026-27 സീസണിലേക്കുള്ള വാർഷിക സെൻട്രൽ കോൺട്രാക്ട്. ആഗസ്റ്റ് മുതൽ തുടങ്ങുന്ന 12 മാസ സീസണിൽ 20 ടെസ്റ്റ് മത്സരങ്ങളടക്കം ഓസീസ് കളിക്കുന്നുണ്ട്. ഫോമിലില്ലാത്ത 20കാരൻ കോൺസ്റ്റാസിനെ ഒഴിവാക്കി 31കാരനായ ജേക്ക് വെതറാൾഡിനെയാണ് ഓപ്പണറായി ഉൾപ്പെടുത്തിയത്.

കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നതുകൊണ്ടു തന്നെ വൈറ്റ് ബാൾ സ്പെഷലിസ്റ്റ് ബാറ്ററായ മാക്സ്‍വെല്ലിനെയും മാറ്റ് ഷോർട്ടിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ 37കാരനായ മാക്സ്‍വെല്ലിന്‍റെ ക്രിക്കറ്റ് ഭാവി അനിശ്ചിതത്വത്തിലായി. ഓസീസ് ടീമിനൊപ്പം രണ്ടു ഏകദിന ലോകകപ്പും ഒരു ട്വന്‍റി20 ലോക കിരീടവും നേടിയിട്ടുണ്ട്. ഫാസ്റ്റ് ബൗളർ ജൈ റിച്ചാർഡ്സണിന്‍റെ ഒഴിവാക്കാലാണ് ഏറെ ശ്രദ്ധേയം. ആഷസിലെ ബോക്സിങ് ഡേയിലാണ് താരം കരിയറിലെ അരങ്ങേറ്റ ടെസ്റ്റ് കളിച്ചത്. ഓസീസിന്‍റെ മികച്ച പേസർമാരായ മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, സ്കോട്ട് ബോളണ്ട് എന്നിവരുടെ പിൻഗാമിയായാണ് 29കാരനായ റിച്ചാർഡ്സണെ വിശേഷിപ്പിച്ചിരുന്നത്. പരിക്കേറ്റ പേസർ ലാൻസ് മോറിസും വാർഷിക കരാറിലില്ല.

പകരം ആഷസിൽ തിളങ്ങിയ ബ്രെൻഡൻ ഡോഗെട്ടിനെയും മൈക്കൽ നെസറിനെയുമാണ് കരാറിൽ ഉൾപ്പെടുത്തിയത്. അടുത്ത 12 മാസങ്ങളിൽ തിരക്കേറിയ ടെസ്റ്റ് പരമ്പരകളുള്ളതിനാലാണ് ടെസ്റ്റ്, മൾട്ടി-ഫോർമാറ്റ് കളിക്കാരെ കൂടുതലായി കരാറിൽ ഉൾപ്പെടുത്തിയതെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ സെലക്ടർ അറിയിച്ചു. ആഗസ്റ്റിൽ ബംഗ്ലാദേശിനെതിരെ നാട്ടിൽ നടക്കുന്ന രണ്ട് മത്സര പരമ്പരയോടെയാണ് 2026-27 സീസൺ ആരംഭിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സിംബാബ്‌വേയിൽ മൂന്ന് ഏകദിനങ്ങളും ദക്ഷിണാഫ്രിക്കയിൽ മൂന്നു വീതം ഏകദിനങ്ങളും ടെസ്റ്റുകളും കളിക്കും. ഇംഗ്ലണ്ടിനെതിരെ വൈറ്റ്-ബാൾ സീരീസിനായി ഓസ്‌ട്രേലിയ തിരിച്ചുവരും. ഡിസംബർ, ജനുവരി മാസങ്ങളിൽ ന്യൂസിലൻഡിനെതിരെ നാല് ഹോം ടെസ്റ്റ് പരമ്പര നടക്കും.

ജനുവരി 21ന് ഇന്ത്യൻ പര്യടനത്തിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിക്കും. 2027 മാർച്ചിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെ 150-ാം വാർഷിക ടെസ്റ്റ് മത്സരത്തോടെ സീസൺ അവസാനിക്കും.

ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർഷിക കരാറിലുള്ള താരങ്ങൾ;

സേവിയർ ബാർട്ട്‌ലറ്റ്, സ്കോട്ട് ബോലണ്ട്, അലക്സ് ക്യാരി, പാറ്റ് കമ്മിൻസ്, ബ്രെൻഡൻ ഡോഗറ്റ്, നഥൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യൂ കൂണ്മൻ, മർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, ടോഡ് മർഫി, മൈക്കൽ നേസർ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ജേക്ക് വെതറാൾഡ്, ബോ വെബ്സ്റ്റർ, ആദം സാംപ



© Madhyamam