
പുണെ: ഞായറാഴ്ച അഹ്മദാബാദിൽ നടന്ന ടി20 ലോകകപ്പ് വിജയാഘോഷ വേളയിൽ ഇന്ത്യൻ ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്ന് ആരോപിച്ച് പരാതി. പുണെ ആസ്ഥാനമായുള്ള അഭിഭാഷകനാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കെതിരെയാണ് പരാതി നൽകിയത്.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ ടി20 വിജയാഘോഷത്തോട് ബന്ധപ്പെട്ട് താരങ്ങളിൽ ഒരാളായ ഹാർദിക് പാണ്ഡ്യ ദേശീയ പതാകയെ അപമാനിച്ചതായി പുണെയിലെ ശിവാജി നഗർ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. വിഷയത്തിൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ വാജിദ് ഖാൻ പരാതി സമർപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
മത്സരശേഷം ഇന്ത്യൻ ടീമിന്റെ ആഘോഷങ്ങളുടെ നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ ഒരു ക്ലിപ്പിൽ, പാണ്ഡ്യ ഇന്ത്യൻ ത്രിവർണ്ണ പതാക തോളിൽ ധരിച്ച് നൃത്തം ചെയ്യുകയും മൈതാനത്തിലൂടെ ഓടുന്നതും കാണാം. ആഘോഷത്തിനിടെ പാണ്ഡ്യ തന്റെ കാമുകി മഹിക ശർമയോടൊപ്പം വേദിയിൽ കിടന്നിരുന്നു. അതേസമയം പതാക അദ്ദേഹത്തിന്റെ മേൽ പുതച്ചിരുന്നുവെന്നും ഇത് ദേശീയ പതാകയോടുള്ള അനാദരവിന് തുല്യമാണെന്നും പരാതിയിൽ ആരോപിക്കുന്നു.
‘നിങ്ങൾ ടി20 ലോകകപ്പ് കണ്ടിട്ടുണ്ടാകും. വിജയത്തിന്റെ ആഘോഷത്തിൽ ഹാർദിക് പാണ്ഡ്യ കാമുകിക്കൊപ്പം നൃത്തം ചെയ്തിരുന്നു. ദേശീയ പതാക അദ്ദേഹത്തിന്റെ പുറകിൽ കെട്ടിവെച്ച നിലയിലായിരുന്നു. 1971ലെ ദേശീയ പതാക നിയമത്തിലെ സെക്ഷൻ 2 അനുസരിച്ച്, ദേശീയ പതാകയുടെ അന്തസ്സിനെ നാം ബഹുമാനിക്കണം. എന്നിട്ടും തന്റെ വിജയത്തിന്റെ ആഘോഷത്തിൽ മുഴുകിയ ഹാർദിക് പാണ്ഡ്യ ദേശീയ പതാക ധരിച്ചുകൊണ്ട് കാമുകിക്കൊപ്പം വേദിയിൽ കിടന്നു. അത് ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു’ -വാജിദ് ഖാൻ എ.എൻ.ഐയോട് പറഞ്ഞു.
