
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് ഒമ്പത് റൺസിന്റെ നിർണായക ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 283ന് അവസാനിച്ചു. തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടിയ വരുൺ നായനാരുടെ പ്രകടനമാണ് മുതൽക്കൂട്ടായത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഝാർഖണ്ഡ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ ഒരു റണ്ണെന്ന നിലയിലാണ്. 108 റൺസെടുത്ത വരുണിനെ ഝാർഖണ്ഡ് ബൗളർ അഭിഷേക് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഗോവക്കും മേഘാലയക്കുമെതിരെയും വരുൺ സെഞ്ച്വറി നേടിയിരുന്നു. അഹ്മദ് ഇമ്രാൻ 69ഉം അഭിജിത് പ്രവീൺ 23ഉം റൺസുമെടുത്ത് മടങ്ങി. ഝാർഖണ്ഡിന് വേണ്ടി മനീഷി നാലും അഭിഷേക് മൂന്നും കുനൈൻ ഖുറേഷി രണ്ടും വിക്കറ്റ് വീഴ്ത്തി.
വനിത ഏകദിനം: കേരളത്തിന് നാലാം ജയം
റാഞ്ചി: സീനിയർ വനിത ഏകദിന ടൂർണമെന്റിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. കരുത്തരായ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കേരളം 42.2 ഓവറിൽ രണ്ടിന് ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഐ.വി. ദൃശ്യയുടെ (106 നോട്ടൗട്ട്) ഇന്നിങ്സാണ് വിജയമൊരുക്കിയത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ നാലാം വിജയമാണിത്.
ആദ്യ പന്തിൽതന്നെ ക്യാപ്റ്റൻ ഷാനിയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ, അക്ഷയയും ദൃശ്യയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് അനായാസ വിജയമൊരുക്കി. ഇരുവരും ചേർന്ന് 148 റൺസാണ് കൂട്ടിച്ചേർത്തത്. 61 റൺസെടുത്ത അക്ഷയ പുറത്തായെങ്കിലും തുടർന്നെത്തിയ ആശ ശോഭനക്കൊപ്പം ചേർന്ന് ദൃശ്യ ടീമിനെ വിജയത്തിലെത്തിച്ചു. 121 പന്തുകളിൽനിന്ന് 106 റൺസുമായി ദൃശ്യ പുറത്താകാതെ നിന്നു. കേരളത്തിനായി വി.എസ്. മൃദുല, ദർശന മോഹനൻ, ആശ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രഞ്ജി ട്രോഫി: സെമി ഞായറാഴ്ച മുതൽ
കൊൽക്കത്ത/ ലഖ്നോ: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനൽ മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാവും. കല്യാണിയിൽ ആതിഥേയരായ ബംഗാളിനെ കർണാടകയും ലഖ്നോയിൽ ജമ്മു- കശ്മീരിനെ ഉത്തരാഖണ്ഡും നേരിടും. അസമിനെയാണ് ബംഗാൾ ക്വാർട്ടർ ഫൈനലിൽ തോൽപിച്ചത്. മുംബൈയെ കർണാടകയും വീഴ്ത്തി. മധ്യപ്രദേശിനെ പരാജയപ്പെടുത്തിയാണ് ചരിത്രത്തിലാദ്യമായി കശ്മീർ കടന്നത്. ഝാർഖണ്ഡിനെ ഉത്തരാഖണ്ഡും മടക്കി. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ വിദർഭയും കേരളവും ഇക്കുറി നേരത്തേ പുറത്തായിരുന്നു.
