'എടാ മോനെ പണി തുടങ്ങിക്കോ, ചേട്ടാ ഈസ് ഹിയർ'; സഞ്ജു സാംസണ് മാരക 'ഇൻട്രോ' വരവേൽപ്പുമായി ചെന്നൈ സൂപ്പർ കിങ്സ്, ഈ പണി ബേസിൽ വകയോ..?



ചെന്നൈ: പതിറ്റാണ്ടിലേറെ നീണ്ട രാജസ്ഥാൻ റോയൽസ് കരിയറിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയ മലയാളി താരം സഞ്ജു സാംസണെ വരവേൽക്കുന്ന ഗംഭീര ഇൻട്രോ വിഡിയോ സമുഹമാധ്യമങ്ങളിൽ പങ്കുവെച്ച് ചെന്നൈ സൂപ്പർ കിങ്സ്.

ചലച്ചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫാണ് രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ സഞ്ജുവിനൊപ്പമുള്ളത്. ചേട്ടാ ഈസ് ഹിയർ, വരവേണ്ടിയ നേരത്തിലെ കറക്ടാ വരുവേൻ എന്ന അടിക്കുറിപ്പോടെയാണ് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സി.എസ്.കെയുടെ ഔദ്യോഗിക അകൗണ്ടിൽ വിഡിയോ പങ്കുവെച്ചത്. ബേസിൽ ജോസഫിനും ഓൾ കേരള ധോനി ഫാൻസിനും നന്ദി പറഞ്ഞ് പോസ്റ്റ് ചെയ്ത വിഡിയോ നിമിഷ നേരംകൊണ്ട് നിരവധി പേരാണ് കണ്ടത്.

ഇന്ത്യൻ പ്രീമിയർ ലീഗ് പത്തൊൻപതാം സീസണ് മുന്നോടിയായി സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയത് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് ഡീലുകളിൽ ഒന്നായിരുന്നു. ചെന്നൈ ഓൾറൗണ്ടർ രവീന്ദ്ര ജദേജ, സാം കറൻ എന്നിവരെ കൈമാറിയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിനെ ചെന്നൈ സ്വന്തമാക്കി തങ്ങളുടെ നിരയിലെത്തുന്നത്.

നിലവിലെ വാർഷിക പ്രതിഫല തുകയായ 18 കോടി രൂപയിൽ തന്നെയാണ് ​ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കുന്നത്. അതേസമയം, ജദേജയുടെ വാർഷിക പ്രതിഫലം 18 കോടിയിൽ നിന്നും 14 കോടിയായി കുറഞ്ഞു. ഇംഗ്ലണ്ടുകാരനായ ഓൾറൗണ്ടർ സാംകറന് 2.40കോടിയെന്ന പ്രതിഫലം മാറ്റമില്ലാതെ തന്നെ നൽകും. നാല് കോടിയാണ് ജദേജക്ക് രജസ്ഥാൻ സാലറി കട്ട് വരുത്തിയത്.



© Madhyamam