ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഉൾപ്പെടുത്തി; ഷാരൂഖ് ഖാൻ രാജ്യദ്രോഹിയെന്ന് ബി.ജെ.പി നേതാവ്



ന്യൂഡൽഹി: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഐ.പി.എൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (കെ.കെ.ആർ) ഉൾപ്പെടുത്തിയതിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ വിമർശിച്ച് ബി.ജെ.പി നേതാവും ഉത്തർപ്രദേശ് എം.എൽ.എയുമായ സംഗീത് സോം. തീരുമാനം ആക്ഷേപകരമാണെന്നും അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് മുദ്രകുത്തുമെന്നും ടീമിന്റെ സഹ ഉടമയായ ഷാരൂഖ് ഖാനെ ഉന്നമിട്ട് സോം പറഞ്ഞു. റഹ്മാനെപ്പോലുള്ളവരെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്നും ഒരു സമ്മേളനത്തിൽ സംസാരിക്കവെ ബി.ജെ.പി നേതാവ് പറഞ്ഞു.

“ഇതുപോലുള്ളവരെ ഇവിടെ കളിക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചു പറയുന്നു. നിങ്ങൾ ഇന്ന് ഈ സ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം ഈ രാജ്യത്തെ ജനങ്ങളാണെന്ന് ഷാരൂഖ് ഖാനെപ്പോലുള്ള രാജ്യദ്രോഹികൾ മനസ്സിലാക്കണം. ചിലപ്പോൾ പാകിസ്താന് സംഭാവന നൽകുന്നതിനെക്കുറിച്ചും, മറ്റ് ചിലപ്പോൾ റഹ്മാനെപ്പോലുള്ള കളിക്കാരെ വാങ്ങുന്നതിനെക്കുറിച്ചും സംസാരമുണ്ടാകുന്നു. ഇത് ഇനി ഈ രാജ്യത്ത് വച്ചുപൊറുപ്പിക്കില്ല. ഇത്തരം രാജ്യദ്രോഹികൾക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ല” -സോം പറഞ്ഞു.

ബംഗ്ലാദേശിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സംഗീത് സോമിന്‍റെ പരാമർശം വന്നിരിക്കുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുകയും ഹിന്ദു സമൂഹത്തിന്‍റെ സംരക്ഷണം ആവശ്യപ്പെടുകയും ചെയ്ത ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ആക്രമണങ്ങളിൽ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.

നേരത്തെ, ഐ.പി.എൽ 2026 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റഹ്മാനെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ ആത്മീയ നേതാവ് ദേവ്കിനന്ദൻ താക്കൂറും എതിർപ്പ് ഉന്നയിച്ചിരുന്നു.



© Madhyamam