
ധാക്ക: മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ ബംഗ്ലാദേശിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐ.പി.എൽ) സംപ്രേഷണം ആ രാജ്യത്തെ സർക്കാർ നിരോധിച്ചു. ബി.സി.സി.ഐയുടെ തീരുമാനം യുക്തിരഹിതമാണെന്നും അത് ബംഗ്ലാദേശിലെ ആളുകളെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനിശ്ചിത കാലത്തേക്കാണ് മത്സരങ്ങളുടെ സംപ്രേഷണം നിരോധിച്ചത്.
മുസ്തഫിസുറിനെ ടൂർണമെന്‍റിൽനിന്ന് നീക്കിയതിനെ വിമർശിച്ച് നിരവധി പേർ നേരത്തെ രംഗത്തെത്തിയിരുന്നു. കായിക വിനോദങ്ങളിൽ അനാവശ്യമായി രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും ബി.സി.സി.ഐ ഷോട്ട്ലിസ്റ്റ് ചെയ്ത താരത്തെ പിന്നീട അകാരണമായി ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് എം.പി ശശി തരൂർ പറഞ്ഞു. ബംഗ്ലാദേശ് പാകിസ്താനല്ല. അവർ ഭീകരരെ അതിർത്തി കടത്തിവിടുന്നില്ല. വളരെ വ്യത്യസ്ത സമീപനമാണ് ഈ രണ്ട് രാജ്യങ്ങളോടും നമ്മൾ സ്വീകരിക്കാറുള്ളത്. പാകിസ്താനോട് ഇടപെടുന്നതു പോലെയല്ല ബംഗ്ലാദേശിനോട് ഇടപെടേണ്ടതെന്നും തരൂർ പറഞ്ഞു.
പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയും നിശിത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് പ്രീമിയർ ലീഗിനുള്ള പ്രൊഡക്ഷൻ ക്രൂ ഏറെയും ഇന്ത്യക്കാരാണെന്നും അവർക്ക് ധാക്കയിൽ വൻ സ്വീകരണമാണ് ലഭിച്ചതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മുസ്തഫിസുർ, ഷാറൂഖ് ഖാൻ എന്നിവരും കെ.കെ.ആറും പ്രത്യേക ഉദ്ദേശ്യത്തോടെ ടാർഗറ്റ് ചെയ്യപ്പെടുകയാണെന്നും ഇരട്ടത്താപ്പ് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.
മാർച്ചിൽ ആരംഭിക്കുന്ന ഇത്തവണത്തെ ഐ.പി.എലിൽ ഇടംനേടിയ ഏക ബംഗ്ലാദേശ് താരമാണ് ഇടംകൈയൻ പേസറായ മുസ്തഫിസുർ റഹ്മാൻ. ഡിസംബറിൽ നടന്ന മിനി ലേലത്തിൽ 9.2 കോടി രൂപക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത ടീം സ്വന്തമാക്കിയത്. ബംഗ്ലാദേശിൽ ന്യനപക്ഷങ്ങൾക്കുനേരെ അതിക്രമം നടക്കുന്നുവെന്നും ബംഗ്ലാ താരങ്ങളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് ബി.സി.സി.ഐ അസാധാരണമായി ഇടപെട്ടത്. കൊൽക്കത്തയുടെ സഹഉടമ ഷാറൂഖ് ഖാനെതിരെയും വിമർശനം നീണ്ടു. കൊൽക്കത്തയിൽ ഐ.പി.എൽ മത്സരം തടയുമെന്ന ഭീഷണിയുമുണ്ടായി. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദവും ശക്തമായതോടെയാണ് മുസ്തഫിസുറിനെ ടീമിൽനിന്ന് നീക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടത്.
