
ന്യൂഡൽഹി: ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളാവുന്നതിനിടെ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്നും ഇന്ത്യൻ അവതാരക റിഥിമ പഥകിനെ പുറത്താക്കി. ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളിൽ തുടങ്ങി ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ഏറ്റുമുട്ടലായി വളർന്ന തർക്കങ്ങളിൽ ഒടുവിലെ സംഭവമായാണ് ബി.പി.എൽ അവതാരകക്കെതിരായ നടപടി. ഡിസംബർ 26ന് ആരംഭിച്ച ലീഗിന്റെ ധാക്ക ഘട്ട മത്സരങ്ങളുടെ അവതരാകയായി പുറപ്പെടാനിരിക്കെയാണ് റിഥിമയെ പാനലിൽ നിന്നും പുറത്താക്കിയത്.
വിവിധ ചാനലുകൾക്കായി ക്രിക്കറ്റ് ഉൾപ്പെടെ കായിക മത്സരങ്ങളുടെ അവതാരികയായി പ്രശസ്തയാണ് റിഥിമ പഥക്.
അതേസമയം, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്നും പിന്മാറാനുള്ള തീരുമാനം തന്റേതായിരുന്നുവെന്നും, ദേശീയ താൽപര്യം മുൻനിർത്തി പിൻവാങ്ങിയതാണെന്നും, പുറത്താക്കിയെന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും റിഥിമ പഥക് സാമൂഹിക മാധ്യമ പോസ്റ്റിലൂടെ വിശദീകരിച്ചു.
‘എനിക്ക് രാജ്യമാണ് എന്നും ഒന്നാമത്. ഏതൊരു ജോലിക്കുമപ്പുറം, ക്രിക്കറ്റിനെ വിലമതിക്കുന്നു. സത്യസന്ധതയോടും ബഹുമാനത്തോടും അതിയേറെ ആവേശത്തോടെയും വർഷങ്ങളായി സ്പോർട്സിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. അത് മാറില്ല. സത്യസന്ധതയ്ക്കും കളിയുടെ ആത്മാവിനും വേണ്ടി ഞാൻ നിലകൊള്ളുന്നത് തുടരും’ -റിഥിമ പറഞ്ഞു.
ബംഗ്ലാദേശിൽ ഇന്ത്യൻ വംശജരെ ആക്രമിക്കുകയും, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം നടത്തുകയും ചെയ്തതിന്റെ തുടർച്ചയായാണ് ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദങ്ങളിൽ വിള്ളൽ വീണത്. ഐ.പി.എൽ കൊൽക്കത്ത ടീമിലുണ്ടായിരുന്നു ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെ വൈരം ക്രിക്കറ്റിലേക്കും പടർന്നു. ബി.സി.സി.ഐ നിലപാടിനെതിരെ കനത്ത വിമർശനമായിരുന്നു ഉയർന്നത്. ഇന്ത്യവേദിയാകുന്ന ട്വന്റി20 ലോകകപ്പിന് ടീമിനെ അയക്കില്ലെന്നും, ബംഗ്ലാദേശിന്റെ മത്സരങ്ങൾ മറ്റു വേദിയിലേക്ക് മാറ്റണമെന്നും ബി.സി.ബി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ അപേക്ഷ ഐ.സി.സി തള്ളി.
അതിന്റെ തുടർച്ചയാണ് ബി.പി.എൽ കമന്ററി പാനലിൽ നിന്നും റിഥിമയുടെ പുറത്താവൽ. പാകിസ്താൻ അവതാരക സൈനബ അബ്ബാസിനൊപ്പമായിരുന്നു ഇവരുടെ ബി.പി.എൽ ഡ്യൂട്ടി. കമന്ററി പാനലിലുള്ള വഖാർ യൂനിസ്, റമിസ് രാജ, ഡാഗൻ ഗഫ് എന്നിവർ കഴിഞ്ഞ ദിവസം ധാക്കയിലെത്തിയിരുന്നു.
