ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്, ഐ.സി.സി അഭ്യർഥന തള്ളി; ഇനി എന്ത്?



ദുബൈ: ട്വന്‍റി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്. തീരുമാനം പുനപരിശോധിക്കണമെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) ആവശ്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) തള്ളിക്കളഞ്ഞു.

സുരക്ഷ ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ കളിക്കില്ലെന്നും തങ്ങളുടെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്നും ബി.സി.ബി ആവശ്യപ്പെട്ടത്. അടുത്ത മാസം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്. ടൂർണമെന്‍റിന്‍റെ മത്സരക്രമങ്ങൾ നേരത്തെ പ്രഖ്യാപിച്ചതിനാൽ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തീരുമാനം പുനപരിശോധിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ഐ.സി.സി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ബംഗ്ലാദേശ് ചെയ്തത്.

ബംഗ്ലാദേശിന്റെ ആവശ്യം ഐ.സി.സി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ‘ബി.സി.ബി, ഐ.സി.സി പ്രതിനിധികൾ വിഷയം വിഡിയോ കോൺഫറൻസ് വഴി ചർച്ച ചെയ്തു. സുരക്ഷ ആശങ്ക ചൂണ്ടിക്കാട്ടി കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ബി.സി.ബി പ്രതിനിധികൾ ചെയ്തത്. ബംഗ്ലാദേശിന്‍റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിൽ ബോർഡ് ഉറച്ചുനിന്നു’ -ബി.സി.ബി പത്രക്കുറിപ്പിൽ അറിയിച്ചു.

ബി.സി.ബിക്കുവേണ്ടി പ്രസിഡന്‍റ് അമീനുൽ ഇസ്ലാം, വൈസ് പ്രസിഡന്‍റുമാരായ ശകാവത്ത് ഹുസ്സൈൻ, ഫാറൂഖ് അഹ്മദ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യയിൽ പറയത്തക്ക പ്രശ്നങ്ങളില്ലെന്നും ഈ സാഹചര്യത്തിൽ ബംഗ്ലദേശിന്റെ മത്സരങ്ങൾ മറ്റൊരു വേദിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്നുമാണ് ഐ.സി.സി തീരുമാനം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യയിൽ ട്വന്റി20 ലോകകപ്പ് കളിക്കില്ലെന്നും രാജ്യത്തിനു പുറത്തേക്ക് മത്സരങ്ങൾ മാറ്റണമെന്നും ബി.സി.ബി ആവശ്യപ്പെട്ടത്.

സുരക്ഷാ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിന് ഭീഷണിയുള്ളതായി ഒന്നും കണ്ടെത്താനായില്ലെന്ന് ഐ.സി.സി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുന്നത്.



© Madhyamam