‘ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണം, ഐ.പി.എൽ സംപ്രേഷണം ചെയ്യേണ്ട’; മുസ്തഫിസൂറിനെ ഒഴിവാക്കിയതിൽ നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ്



ധാക്ക: പേസ് ബൗളർ മുസ്തഫിസൂർ റഹ്മാനെ ഐ.പി.എൽ ക്രിക്കറ്റിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ വിഷയത്തിൽ ബംഗ്ലാദേശ് സർക്കാരും ഇടപെടുന്നു. അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് (ബി.സി.ബി) കായിക മന്ത്രാലയം നിർദേശിച്ചു. താരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് വേദിമാറ്റം നിർദേശിക്കാനുള്ള കാരണമായി പറയുന്നത്. ഇക്കാര്യം അറിയിച്ച് ഐ.സി.സിക്ക് കത്തയക്കാൻ ബി.സി.ബിയോടു നിർദേശിച്ചതായി സർക്കാർ ഉപദേഷ്ടാവ് ആസിഫ് നസ്റുൽ പറഞ്ഞു.

‘‘കായിക മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപദേഷ്ടാവ് എന്ന നിലയിൽ, മുഴുവൻ കാര്യങ്ങളും വ്യക്തമാക്കി ഐ.സി.സിക്ക് കത്തയക്കാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട് നിർദേശിച്ചിട്ടുണ്ട്. കരാറിലേർപ്പെട്ട ഒരു ബംഗ്ലാദേശ് താരത്തിന് ഇന്ത്യയിൽ കളിക്കാൻ കഴിയുന്നില്ലെങ്കിൽ, ബംഗ്ലാദേശ് ദേശീയ ടീമിന് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് കത്തിൽ ബോർഡ് വ്യക്തമാക്കണം. ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന് ഔദ്യോഗികമായി അഭ്യർഥിക്കാൻ ഞാൻ ബോർഡിനോട് നിർദേശിച്ചിട്ടുണ്ട്’’ –ഫേസ്ബുക്കിലെ പോസ്റ്റിൽ നസ്റുൽ വ്യക്തമാക്കി.

നിലവിലെ മത്സരക്രമം അനുസരിച്ച് ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിന്റെ നാലു മത്സരങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ഇതിൽ മൂന്നെണ്ണം കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ഒരെണ്ണം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലുമാണ്. വെസ്റ്റിൻഡീസ് (ഫെബ്രുവരി ഏഴ്), ഇറ്റലി (ഫെബ്രുവരി ഒമ്പത്), ഇംഗ്ലണ്ട് (ഫെബ്രുവരി 14) എന്നിവർക്കെതിരെയാണ് കൊൽക്കത്തയിലെ മത്സരങ്ങൾ. ഫെബ്രുവരി 17നു നേപ്പാളിനെതിരെയാണ് മുംബൈയിലെ മത്സരം.

എന്നാൽ, ലോകകപ്പ് ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ വേദിമാറ്റം അസാധ്യമണെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നത്. ‘‘ആരുടെയെങ്കിലും ഇഷ്ടാനുസരണം മത്സരങ്ങൾ മാറ്റാൻ കഴിയില്ല. എതിർ ടീമുകളെക്കുറിച്ചും ചിന്തിക്കുക. അവരുടെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ എന്നിവ ബുക്ക് ചെയ്തിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും മൂന്നു മത്സരങ്ങളുണ്ട്, ഒരു മത്സരം ശ്രീലങ്കയിലാണ്. പ്രക്ഷേപണ സംഘമുണ്ട്. അതിനാൽ ഇതു പറയുന്നതു പോലെ അത്ര എളുപ്പമായിരിക്കില്ല.’’– ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം ലോകകപ്പിലെ പാകിസ്താന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബംഗ്ലാദേശിന്റെയും നീക്കം.

ബി.സി.സി.ഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുർ റഹ്മാനെ ടീമിൽനിന്നു റിലീസ് ചെയ്തത്. മുസ്തഫിസുറിനെ കൊൽക്കത്ത ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് ബി.സി.സി.ഐയുടെ അസാധാരണ ഇടപെടൽ. മാർച്ചിൽ ആരംഭിക്കുന്ന ഇത്തവണത്തെ ഐ.പി.എലിൽ ഇടംനേടിയ ഏക ബംഗ്ലാദേശ് താരമാണ് ഇടംകൈയൻ പേസറായ മുസ്തഫിസുർ റഹ്മാൻ. ഡിസംബറിൽ നടന്ന മിനി ലേലത്തിൽ 9.2 കോടി രൂപക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത ടീം സ്വന്തമാക്കിയത്.

എന്നാൽ ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. കൊൽക്കത്തയുടെ സഹഉടമ ഷാറൂഖ് ഖാനെതിരെയും വിമർശനം നീണ്ടു. കൊൽക്കത്തയിൽ ഐ.പി.എൽ മത്സരം തടയുമെന്ന ഭീഷണിയുമുണ്ടായി. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദവും ശക്തമായതോടെയാണ് മുമ്പ് എട്ട് ഐ.പി.എൽ സീസണുകളിൽ കളിച്ചിട്ടുള്ള മുസ്തഫിസുറിനെ ടീമിൽനിന്ന് നീക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടത്.

ഇതോടെ, ബംഗ്ലദേശിൽ ഐ.പി.എലിന്റെ സംപ്രേഷണം നടത്തരുതെന്നും ബംഗ്ലാദേശ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് (ഐ ആൻഡ് ബി) നിർദേശിച്ചതായി ആസിഫ് നസ്റുൽ പറഞ്ഞു. ‘‘ബംഗ്ലാദേശിലെ ഐ‌പി.ത്സ.‌എൽ സംപ്രേഷണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഉറപ്പാക്കാൻ ഞാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് ഉപദേഷ്ടാവിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും ബംഗ്ലദേശ് ക്രിക്കറ്റിനോ ക്രിക്കറ്റ് താരങ്ങൾക്കോ ​​ബംഗ്ലദേശിനോ നേരെയുള്ള ഒരു അപമാനവും ഞങ്ങൾ സഹിക്കില്ല. അടിമത്തത്തിന്റെ ദിനങ്ങൾ അവസാനിച്ചു.’’– ആസിഫ് നസ്റുൽ പറഞ്ഞു.



© Madhyamam