
പെർത്ത്: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ രണ്ടാം ദിവസം മത്സരം സ്വന്തമാക്കി ആസ്ട്രേലിയ. ബൗളർമാർ നിറഞ്ഞാടിയ പെർത്തിലെ പിച്ചിൽ രണ്ടാം ദിനത്തിൽ തന്നെ എട്ട് വിക്കറ്റ് വിജയം കൊയ്താണ് ഓസീസ് തുടക്കം ത്രില്ലടിപ്പിച്ചത്. ഒന്നാം ദിനത്തിൽ വിക്കറ്റ് പെരുമഴകൊണ്ടായിരുന്നു കളി സജീവമായതെങ്കിൽ, രണ്ടാം ദിനത്തിൽ ആസ്ട്രേലിയൻ ഓപണർ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും, മാർനസ് ലബുഷെയ്ന്റെ അർധസെഞ്ച്വറിയും ഓസീസിന് കാര്യങ്ങൾ എളുപ്പമാക്കി.
സ്കോർ ചുരുക്കത്തിൽ: ഇംഗ്ലണ്ട്: 172, 164; ആസ്ട്രേലിയ: 132, 205/2
ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ഓസീസ്, രണ്ടാം ഇന്നിങ്സിൽ പക്ഷേ, പിടിച്ചു നിന്ന് ബാറ്റ് വീശിയാണ് കളി പിടിച്ചത്.
ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 32.5 ഓവറിൽ 172റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ സന്ദർശകരെക്കാൾ വേഗത്തിൽ കൂടാരം കയറിയതോടെ 132ന് പുറത്തായി. ഇതോടെ ഇംഗ്ലണ്ടിന് 40 റൺസിന്റെ അപ്രതീക്ഷിത ലീഡ് സ്വന്തമായി. ഒമ്പതിന് 123 റൺസ് എന്ന നിലയിൽ ആസ്ട്രേലിയയാണ് രണ്ടാം ദിനം കളി തുടങ്ങിയത്. ലീഡ് നേടിയതിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം ഇന്നിങ്സിൽ കരുതലോടെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് പക്ഷേ നിലംതൊടാനായില്ല.
ഓപണർ സാക് ക്രോളി (0)യിൽ തുടങ്ങിയ പതനം 34.4 ഓവറിൽ പൂർണമായി. ബെൻ ഡക്കറ്റ് (28), ഒലി പോപ് (33), ജോ റൂട്ട് (8), ഹാരി ബ്രൂക് (0), ബെൻ സ്റ്റോക്സ് (2), ജാമി സ്മിത് (15), ഗസ് അറ്റ്കിൻസൺ (37), ബ്രെയ്ഡൺ കാർസ് (20)എന്നിങ്ങനെ ഓരോരുത്തരായ മടങ്ങി. ഒടുവിൽ 164ന് ഇന്നിങ്സ് അവസാനിപ്പിച്ചപ്പോൾ ആസ്ട്രേലിയക്ക് ജയിക്കാൻ 204 ആയി നിശ്ചയിച്ചു.
പിച്ചിന്റെ സ്വഭാവം മാറിതുടങ്ങിയ പെർതിൽ ട്രാവിസ് ഹെഡും (123), മാർനസും (51 നോട്ടൗട്ട്) കരുതലോടെ ബാറ്റ് വീശുകയായിരുന്നു. ജെയ്ക് വെതർലൻഡ് (23), ട്രാവിസ് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ 28 ഓവറിൽ ലക്ഷ്യം കണ്ടു. ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റ് വീഴ്ത്തിയ ഓസീസിന്റെ മിച്ചൽ സ്റ്റാർക്, രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റും നേടി.
