
ബ്രിസ്ബെയ്ൻ: ഇന്ത്യൻ ആസ്ട്രേലിയ അഞ്ചാം ട്വന്റി20 മത്സരം മഴമൂലം വൈകുന്നു. ടോസ് നേടിയ ആസ്ട്രേലിയ ഫീൽഡിങ് തെരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനയച്ച് അഞ്ച് ഓവർ എറിഞ്ഞതിനു പിന്നാലെയാണ് മഴ കളി തുടങ്ങിയത്.
4.5 ഓവറിൽ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ 52 റൺസ് എന്ന നിലയിലാണുള്ളത്. അഭിഷേക് ശർമ (23), ശുഭ്മാൻ ഗിൽ (29) എന്നിവരാണ് ക്രീസിലുള്ളത്.
മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായി മൂന്നാം മത്സരത്തിലും ടീമിൽ നിന്നും പുറത്തായി. കഴിഞ്ഞ കളികളിൽ തിളങ്ങിയ ജിതേഷ് ശർമയാണ് വിക്കറ്റിനു പിന്നിൽ.
സൂര്യകുമാർ യാദവ്, റിങ്കു സിങ്, അക്സർ പട്ടേൽ, ശിവം ദുബെ, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലുള്ളത്.
2-1ന് മുന്നിലുള്ള ഇന്ത്യക്ക് അഞ്ചാം മത്സരം ജയിച്ചാൽ പരമ്പര ജയിക്കാം. അതേസമയം, ആസ്ട്രേലിയക്ക് പരമ്പര സമനിലയാക്കാൻ വിജയം അനിവാര്യമാണ്.
