ആഷസ് രണ്ടാം ടെസ്റ്റിൽ ജയപ്രതീക്ഷയിൽ ഓസീസ്; രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് തകർച്ച



ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് വിജയ പ്രതീക്ഷ. 177 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് പിടിച്ച ആതിഥേയർ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇംഗ്ലീഷുകാർക്ക് ഇനിയും 43 റൺസ് വേണം.

മൂന്നാം ദിനം ആറ് വിക്കറ്റിന് 378 എന്നനിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് 511ന് പുറത്തായി. 77 റൺസ് നേടിയ മിച്ചൽ സ്റ്റാർക്കാണ് ടോപ് സ്കോറർ. നേരത്തേ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 334ൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച സന്ദർശകർ സ്റ്റമ്പെടുക്കുമ്പോൾ ആറ് വിക്കറ്റിന് 134 റൺസെന്നനിലയിൽ തകർച്ചയെ നേരിടുകയാണ്.

ജേക്ക് വെതർലാൻഡ് (72), മാർനസ് ലബൂഷെയ്ൻ (65), സ്റ്റീവൻ സ്മിത്ത് (61), അലക്സ് ക്യാരി (63) എന്നിവരാണ് സ്റ്റാർക്കിനു പുറമെ അർധശതകം നേടിയ ഓസീസ് ബാറ്റർമാർ. 21 റൺസ് നേടിയ സ്കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാഴ്സ് നാലും വിക്കറ്റെടുത്തു. ബെൻ സ്റ്റോക്സ് മൂന്ന് വിക്കറ്റും നേടി.

രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് ബെൻ ഡക്കറ്റ് (15), ഒലി പോപ്. സാക് ക്രൗളി (44), ജോ റൂട്ട് (15), ഹാരി ബ്രൂക്ക് (15), ജാമി സ്മിത്ത് (4) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. നാല് റൺസ് വീതമെടുത്ത് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും വിൽ ജാക്സുമാണ് ക്രീസിൽ.



© Madhyamam