ഇന്ത്യയോടേറ്റ തോൽവി മാനസികമായി തകർത്തു, ഫൈനൽ മത്സരം കണ്ടില്ലെന്നും ഓസീസ് ക്യാപ്റ്റൻ അലിസ്സ ഹീലി



മുംബൈ: വനിത ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവി മാനസികമായി തകർത്തെന്ന് ആസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ്സ ഹീലി. തോൽവിയുടെ ആഘാതത്തിൽനിന്ന് പുറത്തുകടക്കാൻ സമയമെടുക്കുമെന്നും താരം പറഞ്ഞു.

നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന തീപാറും പോരാട്ടത്തിലാണ് കരുത്തരായ ഓസീസിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ എത്തുന്നതും ആദ്യമായി ലോക കിരീടം നേടുന്നതും. 49.5 ഓവറില്‍ 338 റണ്‍സാണ് സന്ദര്‍ശകര്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ പക്ഷേ, ഇന്ത്യ അതിലും ശക്തമായി തിരിച്ചടിച്ചു. 48.3 ഓവറില്‍ ലക്ഷ്യം മറികടന്നു. വനിത ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസാണ് ഇന്ത്യ നടത്തിയത്. ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറിക്കരുത്താണ് ഇന്ത്യക്ക് തുണയായത്.

ടൂർണമെന്‍റിൽ ടീം കാഴ്ചവെച്ച പ്രകടനത്തിൽ അഭിമാനിക്കുന്നുവെന്നും ഇന്ത്യക്കു മുന്നിൽ വീണുപോയതിന്‍റെ നിരാശയിൽനിന്ന് പുറത്തുകടക്കാനാകുന്നില്ലെന്നും ഹീലി പറഞ്ഞു. ‘ഞാൻ നുണപറയുകയല്ല, ടൂർണമെന്‍റിൽ ഗംഭീര ക്രിക്കറ്റാണ് ഞങ്ങൾ കളിച്ചത്, പക്ഷേ സെമിയിൽ ഇന്ത്യയെ മറികടക്കാനായില്ല. ഏറെ നിരാശയുണ്ട്, പക്ഷേ ഈ ടീമിന് ഇനി വരുന്ന ടൂർണമെന്‍റുകളിൽ മികച്ച പ്രകടനം നടത്താനാകും’ -ഹീലി പറഞ്ഞു. മത്സരത്തിൽ ജെമീമ റോഡ്രിഗസിന്റെ വിലപ്പെട്ട ക്യാച്ചുകൾ വിട്ടുകളഞ്ഞതാണ് മത്സരത്തിൽ തിരിച്ചടിയായെന്നും താരം കൂട്ടിച്ചേർത്തു.

അസാധ്യമെന്ന് തോന്നിയ കൂറ്റൻ വിജയ ലക്ഷ്യമാണ് അപാരമായ മനസാന്നിധ്യം കൊണ്ട് ഹർമൻപ്രീത് കൗറും സംഘവും മറികടന്നത്. 134 പന്തുകൾ നേരിട്ട ജെമീമ 14 ഫോറുകൾ സഹിതം 127 റൺസുമായി പുറത്താകാതെ നിന്നു. 88 പന്തുകൾ നേരിട്ട കൗർ 89 റൺസെടുത്ത് പുറത്തായി. ഓപണർ ഷഫാലി വർമ 10 ഉം സ്റ്റാർ ബാറ്റർ സ്മൃതി മന്ദാന 24 ഉം ദീപ്തി ശർമ 24 ഉം റിച്ച ഘോഷ് 26 ഉം റൺസെടുത്ത് പുറത്തായി. 19 റൺസുമായി അമൻജ്യോത് കൗർ പുറത്താകാതെ നിന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓപണർ ഫീബ് ലിച്ച്‌ഫീൽഡിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് 338 റൺസ് കെട്ടിപ്പടുത്തത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ വനിതകൾ ചരിത്രത്തിൽ ആദ്യമായി ലോക കിരീടം നേടിയത്.



© Madhyamam