അവസാന സെഷനിൽ വീണത് അഞ്ചു വിക്കറ്റ്; ചെറുത്തു നിന്നത് ജേക്കബ് ​ബിഥെൽ (142*) മാത്രം; തോൽവിയുടെ വക്കിൽ ഇംഗ്ലണ്ട്



സിഡ്നി: ആഷസ് പമ്പരയിലെ അവസാന ടെസ്റ്റിൽ ആതിഥേയരായ ആസ്ട്രേലിയ വിജയത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ 184 റൺസിന്റെ ലീഡ് നേടിയ ആസ്ട്രേലിയ, രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ എട്ടിന് 302 റൺസ് എന്ന നിലയിൽ ഒതുക്കിയാണ് അവസാന ദിനത്തിലേക്ക് വിജയം കരുതി വെച്ചത്. ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് 119 റൺസിന്റെ ലീഡ് മാത്രമാണുള്ളത്. ടെസ്റ്റിലെ കന്നി സെഞ്ച്വറി കുറിച്ച ​ജേക്കബ് ബിഥെൽ (142നോട്ടൗട്ട്) ഉൾപ്പെടെ രണ്ടു വിക്കറ്റുകളാണ് കൈയിലുള്ളത്. അഞ്ചാം ദിനമായ വ്യാഴാഴ്ച അവസാന വിക്കറ്റുകൾ കൂടി വീഴുന്നതോടെ ആസ്ട്രേലിയക്ക് പരമ്പരയിലെ നാലാം വിജയത്തിലേക്ക് അനായാസം ബാറ്റ് വീശാം.

നാലാം ദിനത്തിൽ ഏഴിന് 518 റൺസ് എന്ന നിലയിൽ കളി തുടങ്ങിയ ആസ്ട്രേലിയ 39 റൺസ് കൂട്ടി ചേർക്കുന്നതിനിടെ പുറത്തായി. ഒന്നാം ഇന്നിങ്സിൽ ട്രാവിസ് ഹെഡും (163), സ്റ്റീവൻ സ്മിത്തും (138) നേടിയ സെഞ്ച്വറി ബലത്തിലായിരുന്നു ഓസീസ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായി 384 മറികടന്നത്. 71 റൺസുമായി ബ്യൂ വെബ്സ്റ്റർ പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപണർ സാക് ക്രോളിയെ (1) ആദ്യം തന്നെ നഷ്ടമായി. ഓപണിങ് ഓവറിൽ മിച്ചൽ സ്റ്റാർകിന് മുന്നിൽ എൽ.ബി.ഡബ്ല്യൂ ആയി മടങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ബെൻ ഡക്കറ്റും (42), സെഞ്ച്വറി ​ഇന്നിങ്സുമായി ജേക്കബ് ബെഥലും (142 നോട്ടൗട്ട്) ചേർന്നാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. സ്കോർ 85ലെത്തിയപ്പോഴാണ് ഡക്കറ്റ് പുറത്തായത്. പിന്നാലെ ജോ റൂട്ട് (6), ഹാരി ബ്രൂക്ക് (42), വിൽ ജാക്സ് (0), ജാമി സ്മിത്ത് (26), ബെൻ സ്റ്റോക്സ് (1), ബ്രെയ്ഡൻ കാർസ് (16) എന്നിവരുടെ വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായി. അപ്പോഴും മറുതലക്കൽ പിടിച്ചു നിന്ന് സെഞ്ച്വറിയും കടന്ന് കുതിച്ച ജേക്കബ് ബിഥൽ ആണ് ഇംഗ്ലണ്ടിനെ ഇന്നിങ്സ് തോൽവിയിൽ നിന്നും രക്ഷിച്ചത്.

​ബ്യൂ വെബ്സ്റ്റർ മൂന്നും, സ്കോട് ബോളണ്ട് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. കരിയറിലെ ആറാം ടെസ്റ്റിനിറങ്ങിയ ജേക്കബിന്റെ ആദ്യ സെഞ്ച്വറി ഇന്നിങ്സനായിരുന്നു സിഡ്നിയിൽ പിറന്നത്. നാലാം ദിനത്തിലെ അവസാന സെഷനിൽ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് കടന്നതിനു പിന്നാലെയായിരുന്നു 70 റൺസ് കൂട്ടിചേർക്കുന്നതിനിടെ ഇംഗ്ലണ്ടിന് അവസാന അഞ്ചുവിക്കറ്റുകൾ നഷ്ടമായത്. മൂന്നാമനായിറിങ്ങി ഒമ്പതാം വിക്കറ്റിലും ക്രീസിൽ തുടരുന്ന 22കാരൻ ജേക്കബ് ബിഥെൽ നടത്തിയ ചെറുത്തു നിൽപാണ് ഇംഗ്ലണ്ടിനെ വൻ വീഴ്ചയിൽ നിന്നും രക്ഷപ്പെടുത്തിയത്.

പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റും ജയിച്ച ആസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് നാലുവിക്കറ്റിന് ജയിച്ചു.



© Madhyamam