
പെർത്ത്: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം വിക്കറ്റ് വീഴ്ച. പേസ് ആക്രമണത്തിൽ പെർത്തിൽ 19 വിക്കറ്റുകളാണ് വീണത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 32.5 ഓവറിൽ 172 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിൽ ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ആസ്ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലാണ്.
ആതിഥേയർ 49 റൺസ് പിറകിലാണ്. ആദ്യദിനം 19 വിക്കറ്റുകളും വീഴ്ത്തിയത് പേസർമാരാണ്. അർധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 61 പന്തിൽ 52 റൺസെടുത്തു. ഒലീ പോപ്പ് (58 പന്തിൽ 46), ജെമീ സ്മിത്ത് (22 പന്തിൽ 33) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇവരെ കൂടാതെ ബെൻ ഡെക്കറ്റാണ് രണ്ടക്കം കടന്ന (20 പന്തിൽ 21) മറ്റൊരു ബാറ്റർ. മിച്ചൽ സ്റ്റാർക്കിന്റെ ബൗളിങ്ങാണ് സന്ദർശകരെ തകർത്തത്. 12.5 ഓവറിൽ 58 റൺസ് വഴങ്ങി ഏഴു വിക്കറ്റാണ് താരം വീഴ്ത്തിയത്.
ആഷസിൽ നൂറു വിക്കറ്റുകളെന്ന നേട്ടം സ്റ്റാർക് സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വലങ്കൈയൻ പേസർ കൂടിയാണ്. സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (12 പന്തിൽ ആറ്), ഗസ് അറ്റ്കിൻസൺ (രണ്ടു പന്തിൽ ഒന്ന്), ബ്രൈഡൻ കാർസെ (ഒമ്പതു പന്തിൽ ആറ്), മാർക്ക് വുഡ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ജോഫ്ര ആർച്ചർ റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു. ഓസീസിനായി ബ്രൻഡൻ ഡോഗെറ്റ് രണ്ടു വിക്കറ്റും കാമറൂൺ ഗ്രീൻ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിൽ ഓസീസിന് ഇംഗ്ലീഷ് പേസർമാർ അതേ നാണയത്തിൽ തിരിച്ചടി നൽകി.
ഇന്നിങ്സിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ അരങ്ങേറ്റ താരം ജാക് വെതറാൾഡിനെ (പൂജ്യം) എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. മാർനഷ് ലബുഷെയ്ൻ (41 പന്തിൽ ഒമ്പത്), നായകൻ സ്റ്റീവ് സ്മിത്ത് (49 പന്തിൽ 17), ഉസ്മാൻ ഖ്വാജ (ആറു പന്തിൽ രണ്ട്), ട്രാവിസ് ഹെഡ് (35 പന്തിൽ 21), കാമറൂൺ ഗ്രീൻ (50 പന്തിൽ 24) എന്നിവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. ഓസീസിന് 83 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടം. പിന്നാലെ അലക്സ് കാരി (26 പന്തിൽ 26), മിച്ചൽ സ്റ്റാർക് (12 പന്തിൽ 12), സ്കോട്ട് ബോളണ്ട് (പൂജ്യം) എന്നിവരെ ബെൻ സ്റ്റോക്സ് പുറത്താക്കി.
ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123. സ്റ്റോക്സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഓസീസിനെ തകർത്തത്. ആറു ഓവറിൽ 23 റൺസ് വഴങ്ങിയാണ് താരം ആറു വിക്കറ്റ് സ്വന്തമാക്കിയത്. ആർച്ചർ, ബ്രൈഡൻ കാർസെ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
