അർജുൻ തെണ്ടുൽക്കർ മുംബൈ ഇന്ത്യൻസ് വിടുന്നു, 2026 സീസണിൽ പുതിയ ടീമിനൊപ്പം…



മുംബൈ: ഐ.പി.എൽ 2026 സീസണു മുന്നോടിയായി ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള സമയപരിധി ഈമാസം 15ന് അവസാനിക്കും. രാജസ്ഥാൻ റോയൽസിന്‍റെ മലയാളി താരം സഞ്ജു സാംസണിന്‍റെ കൂടുമാറ്റമാണ് ഈദിവസങ്ങളിൽ വാർത്തകളിൽ ഇടംപിടിച്ചത്.

‘സ്വാപ് ഡീലിൽ’ സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സിനു കൈമാറുമ്പോൾ പകരം ഓൾ റൗണ്ടർ രവീന്ദ്ര ജദേജയും ഇംഗ്ലീഷ് താരം സാം കറനും രാജസ്ഥാനിലെത്തും. എന്നാൽ, ഈ ഡീൽ നടക്കാനുള്ള സാധ്യത അവസാന നിമിഷം മങ്ങിയെന്നാണ് പുതിയ വിവരം. ഇതിനിടെയാണ് ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ മുംബൈ ഇന്ത്യൻസ് വിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ലഖ്നോ സൂപ്പർ ജയന്‍റ്സാണ് (എൽ.എസ്.ജി) താരത്തിനായി താൽപര്യം അറിയിച്ചത്. പകരം ശാർദൂൽ ഠാക്കൂറിനെ മുംബൈക്ക് കൈമാറാമെന്നാണ് ധാരണ.

ഇത് സ്വാപ് ഡീൽ അല്ല, പകരം ഒരു വില നിശ്ചയിക്കുകയും ആ തുക കൈമാറി താരങ്ങളെ സ്വന്തമാക്കാനുമാണ് ധാരണ. 2023ൽ ഐ.പി.എൽ അരങ്ങേറ്റം കുറിച്ച അർജുൻ, മുംബൈ ഇന്ത്യൻസിനായി ഇതുവരെ അഞ്ചു മത്സരങ്ങൾ മാത്രമാണ് കളിച്ചത്. മൂന്നു വിക്കറ്റുകളാണ് സമ്പാദ്യം. 2025 ഐ.പി.എൽ മെഗാ ലേലത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷം രൂപ നൽകിയാണ് മുംബൈ അർജുനെ വീണ്ടും ടീമിലെത്തിച്ചത്.

അതേസമയം, ശാർദൂൽ ഠാക്കൂറിനെ മെഗാ ലേലത്തിൽ ആരും വിളിച്ചെടുത്തിരുന്നില്ല. പേസർ മുഹ്സിൻ ഖാന് പരിക്കേറ്റ് പുറത്തായതോടെയാണ് പകരക്കാരനായി ശാർദൂൽ ലഖ്നോവിലെത്തുന്നത്. ലേലത്തിൽ ആരും വിളിച്ചെടുക്കാത്തതിന്‍റെ നിരാശ താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഓൾ റൗണ്ടറായ ഠാക്കൂർ കഴിഞ്ഞ സീസണിൽ പത്തു മത്സരങ്ങളാണ് കളിച്ചത്. ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും ബൗളിങ്ങിൽ തിളങ്ങി, 13 വിക്കറ്റെടുത്തു.

അതേസമയം, ജദേജക്കൊപ്പം സാം കറനെ കൂടി നൽകണമെന്ന ആവശ്യമാണ് രാജസ്ഥാൻ-ചെന്നൈ താരകൈമാറ്റത്തിൽ പ്രതിസന്ധിയായത്. വിദേശ താരങ്ങളുടെ ക്വാട്ടയിൽ പരമാവധി എട്ട് താരങ്ങളെ മാത്രമേ ഒരു ഫ്രാഞ്ചൈസിക്ക് ഉൾപ്പെടുത്താനാകൂ. ജോഫ്ര ആർച്ചർ, ഷിംറോൺ ഹെറ്റ്മെയർ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, ക്വേന മഫാകെ, നാന്ദ്രേ ബർഗർ, ലുവാൻദ്രെ പ്രിട്ടോറിയസ് എന്നിവരുള്ള റോയൽസിന്‍റെ വിദേശ ക്വാട്ടയിൽ നിലവിൽ ഒഴിവില്ല.

സ്ഥലമില്ല എന്നതു കൂടാതെ, കറനെ ടീമിലെത്തിക്കാനുള്ള കാശും രാജസ്ഥാന്‍റെ കൈവശമില്ല. 2.4 കോടി രൂപക്കാണ് കഴിഞ്ഞ മെഗാലേലത്തിൽ ചെന്നൈ കറനെ സ്വന്തമാക്കിയത്.

റോയൽസിന്‍റെ പേഴ്സിൽ അവശേഷിക്കുന്നത് 30 ലക്ഷം രൂപ മാത്രമാണ്. എന്നിരുന്നാലും ജദേജയേയും കറനെയും ടീമിലെത്തിക്കാനുള്ള മാർഗം റോയൽസിനു മുന്നിലുണ്ട്. എന്നാൽ അതിനായി വിദേശതാരങ്ങളിൽ ആരെയെങ്കിലും റിലീസ് ചെയ്ത് സ്ഥലവും കാശും കണ്ടെത്തേണ്ടിവരും.

രാജസ്ഥാൻ റോയൽസ് ജദേജയുടെ ആദ്യ ഐ.പി.എൽ ടീമായിരുന്നു. 2008ൽ കിരീടം നേടിയ റോയൽസിൽ അംഗമായിരുന്നു അന്ന് 19 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ജദേജ. ആദ്യ രണ്ട് സീസണിലും രാജസ്ഥാനു വേണ്ടി കളത്തിലിറങ്ങിയ താരം മുംബൈയുമായി നേരിട്ട് കരാറിലേർപ്പെടാൻ ശ്രമിച്ചതോടെ ഒരു വർഷത്തെ വിലക്ക് നേരിട്ടു. 2011ൽ കൊച്ചി ടസ്കേഴ്സിൽ കളിച്ചു. 2012ൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ താരം പിന്നീട് ടീമിന്‍റെ അവിഭാജ്യ ഘടകമായി. ചെന്നൈ മൂന്നുതവണ കിരീടം നേടുമ്പോൾ ജദേജയും ടീമിലുണ്ടായിരുന്നു.



© Madhyamam