
ലഖ്നോ: ട്വന്റി20യിലെ അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ലോകറെക്കോഡ് പുസ്തകത്തിൽ ഇടം പിടിച്ച് ബറോഡ താരം. സയ്ദ് മുഷ്താഖ് അലി ട്വന്റി20 ചാമ്പ്യൻഷിപ്പിൽ സർവീസസിനെതിരെ ബറോഡക്കുവേണ്ടി കളത്തിലിറങ്ങിയ അമിത് പാസിയാണ് 55 പന്തിൽ 114 റൺസുമായി 20ഓവർ ക്രിക്കറ്റിൽ പുതു ചരിത്രമെഴുതിയത്. ഒമ്പത് പന്തും 10 ബൗണ്ടറിയും പറന്ന പാസിയുടെ ഇന്നിങ്സിന്റെ ബലത്തിൽ ബറോഡ മത്സരം 13 റൺസിന് വിജയിച്ചു.
അരങ്ങേറ്റ ട്വന്റി20യിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോഡാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ അമിത് പാസി സ്വതനം പേരിൽ കുറിച്ചത്.
24 പന്തിൽ അർധസെഞ്ച്വറി കുറിച്ച ശേഷമായിരുന്നു നേരിട്ട 44ാം പന്തിൽ 100 തികച്ചത്.
2015ൽ പാകിസ്താൻ ബിലാൽ ആസിഫ് കുറിച്ച റെക്കോഡിനൊപ്പമാണ് പാസിയും എത്തിയത്. ബിലാലും 114 റൺസാണ് നേടിയത്.
ഐ.പി.എല്ലിൽ പുതു താരങ്ങളെ തേടുന്ന ഫ്രാഞ്ചൈസികൾക്ക് മുന്നിലേക്കാണ് പാസിയുടെ ബാറ്റിൽ നിന്നും സിക്സറും ബൗണ്ടറിയും പറന്നിറങ്ങിയത്. ഇന്ത്യൻ താരം ജിതേഷ് ശർമക്കു പകരമായാണ് പാസി ബറോഡ ടീമിൽ ഇടം നേടിയത്.
