
അഖിൽ സ്കറിയ
ഐതീഹ്യങ്ങളിലും മുത്തശ്ശിക്കഥകളിലും ബ്രഹ്മദത്തമായ ആയുധങ്ങളിൽ ഏറെ പ്രസിദ്ധം ബ്രഹ്മാസ്ത്രമാണ്. യുദ്ധഭൂമിയിൽ എതിരാളികൾ മേൽക്കൈ നേടുന്ന അവസരത്തിൽ തങ്ങളുടെ ആവനാഴിയിലെ അവസാനത്തെ ആയുധമായാണ് ശ്രീരാമൻ മുതൽ കർണൻവരെ ബ്രഹ്മാസ്ത്രത്തെ പ്രയോഗിക്കാറ്. കേരള ക്രിക്കറ്റ് ലീഗിൽ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനുമുണ്ടൊരു ബ്രഹ്മാസ്ത്രം –അഖിൽ സ്കറിയ എന്ന കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിന്റെ ‘അഖിലാസ്ത്രം’.
22 വാര പിച്ചിൽ എതിരാളികളെ പിടിച്ചുകെട്ടാൻ പറഞ്ഞ് പന്തേൽപ്പിച്ചാൽ നാലോവറിൽ എറിഞ്ഞ് കൊന്നിട്ടുവരുന്ന മൊതല്. ഇനി ബാറ്റെടുത്താലോ ടീമിനായി അവസാന ശ്വാസംവരെയും വിയർപ്പ് രക്തമാക്കുന്ന പോരാളി. പ്രഥമ കെ.സി.എൽ സീസണിൽ 25 വിക്കറ്റുമായി വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനായ ഈ മീഡിയം പേസർ, ഇത്തവണയും എതിർ ബാറ്റർമാരുടെ ‘പിടികിട്ടാപ്പുള്ളി’യാണ്. തന്റെ ക്രിക്കറ്റ് വഴികളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും 26കാരൻ മനസ് തുറക്കുന്നു.
കെ.സി.എൽ ആദ്യ സീസണിലെ വിജയരഹസ്യം?
പ്രത്യേകിച്ചൊന്നുമില്ല. നന്നായി കഠിനാധ്വാനം ചെയ്തു. ബൗളിങ്ങിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ ഫോളോ ചെയ്തു. ഗ്രൗണ്ടിൽ ബാറ്ററുടെ മനസ് വായിച്ച്, സാഹചര്യങ്ങൾ മനസ്സിലാക്കി ശരിയായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞു. അതിന്റെ ഫലവും കിട്ടി. ഞാനൊരു ഓൾ റൗണ്ടറായതിനാൽ ക്രീസിലുള്ള ബാറ്റർ എന്ത് ചിന്തിക്കുമെന്നുകൂടി ആലോചിച്ചാണ് പന്തെറിയുന്നത്. അങ്ങനെ അവർ ചിന്തിക്കുന്ന ലൈനിലും ലങ്തിലും മാറ്റി പന്തെറിഞ്ഞ് ബാറ്ററെ വട്ടാക്കുന്നിടതാണ് എന്റെ വിജയം. ശരിക്കും ഞാനും ബാറ്ററും തമ്മിലുള്ള ചൂതാട്ടമാണ് ഗ്രൗണ്ടിൽ നടക്കുന്നത്.
ക്യാപ്റ്റന് പകരം സ്വയം ഫീൽഡ് സെറ്റ് ചെയ്യുന്നതാണോ ഇഷ്ടം?
അടുത്ത പന്ത് എങ്ങനെ എറിയുമെന്ന് എനിക്ക് മാത്രമേ അറിയൂ. അതുകൊണ്ട് കാലിക്കറ്റിനായി കളിക്കുമ്പോൾ ഞാൻതന്നെയാണ് ഓരോ പന്തിലും ഫീൽഡ് സെറ്റ് ചെയ്യുന്നത്. കേരള ടീമിൽ കളിക്കുമ്പോഴും ക്യാപ്റ്റൻ സച്ചിൻ ബേബിയോടായാലും സഞ്ജുവിനോടായാലും ‘ചേട്ടാ ഈ ഫീൽഡ് മാറ്റി തരണം’ എന്ന് പറയും. അവർ എന്നെ വിശ്വസിക്കുമ്പോൾ ലഭിക്കുന്ന കോൺഫിഡൻസ് വേറേ ലവലാണ്. കാലിക്കറ്റിന്റെ ക്യാപ്റ്റനായ രോഹനും ഈ സ്വാതന്ത്ര്യം ഫീൽഡിൽ തരുന്നുണ്ട്. ഞാൻ സെറ്റ് ചെയ്യുന്ന ഫീൽഡ് അദ്ദേഹം മാറ്റാറില്ല.
കഴിഞ്ഞ കെ.സി.എല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും ഐ.പി.എല്ലിൽ ഒരു ടീമും ട്രയൽസിന് വിളിക്കാത്തതിൽ നിരാശയുണ്ടോ?
നിരാശ തോന്നിയില്ല. കാരണം ഐ.പി.എല്ലിന്റെ നിലവാരത്തിലേക്ക് ഞാൻ എത്തിയില്ലെന്ന ബോധ്യം എനിക്കുതന്നെയുണ്ടായിരുന്നു. ആ നിലവാരത്തിലേക്ക് വളരാനാണ് ഓരോ ദിവസവും ആഗ്രഹിക്കുന്നതും ഗ്രൗണ്ടിൽ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും. ഐ.പി.എല്ലിൽ അവസരം ലഭിച്ചില്ലെങ്കിലും ആദ്യമായി കെ.സി.എല്ലിലൂടെ സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ട്രോഫിയിൽ അരങ്ങേറാൻ സാധിച്ചു. സർവിസസിനെതിരായ ആദ്യ മത്സരത്തിൽ നാലോവറിൽ 30 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. അതിൽ നാലും അവസാന ഓവറിലായിരുന്നു. ആദ്യമത്സരത്തിൽതന്നെ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും ലഭിച്ചു. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിനായി അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ മലയാളിയാകാൻ കഴിഞ്ഞത് കെ.സി.എൽ തന്ന ഭാഗ്യമാണ്.
രണ്ടാം സീസണിലെ തയാറെടുപ്പുകൾ?
രണ്ടാഴ്ചകൊണ്ട് തുടർച്ചയായി 12 മത്സരങ്ങൾ കളിക്കേണ്ടിവരുന്നതിനാൽ ഇത്തവണ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിച്ചു. എന്റെ ബാളുകൾ കളിച്ചവരാണ് അധികംപേരും. അതുകൊണ്ടുതന്നെ ഞാൻ ആറ് പന്തിനിടക്ക് എന്തൊക്കെ എറിയുമെന്ന കണക്കുകൂട്ടലും അവർക്കുണ്ടാകും. അവർ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ തയാറാക്കിയാണ് ഇത്തവണ ഞാൻ വന്നത്. മൂന്ന് മത്സരമല്ലേ ആയിട്ടുള്ളൂ. വെറൈറ്റി ഐറ്റങ്ങൾ ഇനി വരുന്നതേയുള്ളൂ.
ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷൻ?
ഫീൽഡിന് അനുസരിച്ച് കളിക്കുന്ന ബാറ്ററാണ് ഞാൻ. തുടക്കം മുതലേ അടിക്കുന്നതിന് പകരം കുറച്ച് പന്ത് കളിച്ചശേഷം അടിച്ചുകളിക്കുന്നതാണ് ശൈലി. ആദ്യ കെ.സി.എൽ സീസണിൽ ആദ്യ അഞ്ചുമത്സരം അഞ്ചാമതും ആറാമതും ഇറങ്ങിയിരുന്നു. പിന്നീട് ടോപ്പ് ഓഡറിൽ ടീം പ്രതിസന്ധി നേരിട്ടതോടെയാണ് തുടർന്ന് ഫൈനൽവരെ രണ്ടാമതായി കളിച്ചത്. ഇത്തവണ ന്യൂബോളിലും പവർ പ്ലേയിലും കളിക്കേണ്ടിവരുമെന്ന് അറിയാവുന്നതുകൊണ്ടുതന്നെ ബാറ്റിങ്ങിലും നന്നായി പരിശീലനം നേടി. അതിന്റെ ഫലം കിട്ടിയത് മൂന്നാം മത്സരത്തിലാണെന്നുമാത്രം.
കേരള കോച്ച് അമേയ് ഖുറേഷിയുടെ സഹായം
കേരള ടീമിൽ ഇടംപിടിക്കാൻ ഏതൊക്കെ മേഖലകൾ മെച്ചപ്പെടുത്തണമെന്ന് വ്യക്തമായി പറഞ്ഞുതരുന്ന പരിശീലകനാണ് അദ്ദേഹം. പതിനൊന്നംഗ ടീമിൽ ഇല്ലെങ്കിൽ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്നും അദ്ദേഹം പറയും. അതൊരു വലിയ കാര്യമാണ്.
കുടുംബം
അമ്മ ശ്രീലതക്ക് കാഞ്ഞിരമറ്റത്ത് പപ്പടക്കമ്പനിയിലാണ് ഇന്നും ജോലി. ഏക മനാണ്. കുട്ടിക്കാലത്ത് ജീവിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴും വാടകവീട്ടിലാണ്. കഴിഞ്ഞ വർഷം ക്രിക്കറ്റിലൂടെ ഏജീസിൽ ജോലി ലഭിച്ചു. ഇപ്പോഴാണ് സാമ്പത്തികമായി ഒന്ന് പിടിച്ചുനിൽക്കാൻ സാധിച്ചത്. ഇനി വീട് വെക്കണം. അമ്മയെ പൊന്നുപോലെ നോക്കണം.
ഇനിയുള്ള ലക്ഷ്യങ്ങൾ?
ഐ.പി.എല്ലിലും ഇന്ത്യക്കുവേണ്ടിയും കളിക്കണമെന്നത് വലിയ ആഗ്രഹമാണെങ്കിലും ഇപ്പോഴത്തെ ആഗ്രഹം കേരളത്തിനായി മൂന്ന് ഫോർമാറ്റിലും കളിക്കാൻ കഴിയുന്ന രീതിയിൽ അവസാന 11പേരിൽ ഉൾപ്പെടണമെന്നാണ്. ടീം ലിസ്റ്റ് എഴുതുമ്പോൾ എന്റെ പേര് മാറ്റിനിർത്താൻ പാടില്ല. സമർദ്ദഘട്ടങ്ങളിൽ ടീമിനെ ബൗൾ ചെയ്തോ ബാറ്റ് ചെയ്തോ ജയിപ്പിക്കണം. മാച്ച് വിന്നർ എന്ന പേര് കഴിഞ്ഞവർഷം നേടിയിരുന്നു. അത് എല്ലാവർഷവും നിലനിർത്തണം.