
ഝാൻസി: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി) ഡെവലപ്‌മെന്റ് ഓഫീസറായ സിപ്രി ബസാർ പ്രദേശത്തെ നൽക്ഗഞ്ച് നിവാസിയായ രവീന്ദ്ര അഹിർവാറാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് ബുധനാഴ്ചയാണ് സംഭവം.
സൗഹൃദ മത്സരത്തിനിടെ ബൗൾ ചെയ്യുന്നതിനിടെ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും വെള്ളം കുടിച്ചതിന് ശേഷം ഛർദ്ദിക്കുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. കുഴഞ്ഞുവീണ ഉടനെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
രണ്ടു വർഷം മുമ്പാണ് രവീന്ദ്ര എൽ.ഐ.സിയിൽ ഡെവലപ്‌മെന്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചത്. ക്രിക്കറ്റിൽ വലിയ അഭിനിവേശമുള്ള രവീന്ദ്ര വലിയൊരു ഇടവേളക്ക് ശേഷമാണ് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയിരുന്നത്.
‘വളരെ നാളുകൾക്ക് ശേഷം അവൻ രാവിലെ നേരത്തെ ഉണർന്നു. അച്ഛനോടൊപ്പം ചായ കുടിച്ചു. കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് സംഭവം അറിയുന്നത്. കുഴഞ്ഞ് വീണതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെന്നും പിന്നീട് മരിച്ചെന്നുമുള്ള വിവരമാണ് അറിഞ്ഞത്.’-രവീന്ദ്രയുടെ ഇളയ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
