
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 30 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. പരിക്കേറ്റ് മടങ്ങിയ നായകൻ ശുഭ്മൻ ഗിൽ ക്രീസിലേക്ക് തിരിച്ചിറങ്ങിന്നില്ലെന്ന് തീരുമാനിച്ചതോടെ, 189ൽ ഇന്നിങ്സ് അവസാനിപ്പിച്ചു. 39 റൺസ് നേടിയ ഓപണർ കെ.എൽ. രാഹുലാണ് ടോപ് സ്കോറർ. വാലറ്റം പൊരുതാതെ കീഴടങ്ങിയതോടെ, ഇന്ത്യയെ ചെറിയ ലീഡിൽ ഒതുക്കാൻ പ്രോട്ടീസ് ബൗളർമാർക്ക് എളുപ്പമായി. സന്ദർശകർക്കായി സൈമൺ ഹാർമർ നാലും മാക്രോ യാൻസൻ മൂന്നും വിക്കറ്റുകൾ പിഴുതു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 159ന് പുറത്തായിരുന്നു.
ഒന്നിന് 37 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദറിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 82 പന്തുകൾ നേരിട്ട താരം രണ്ട് ഫോറും ഒരു സിക്സും സഹിതം 29 റൺസ് നേടിയാണ് പുറത്തായത്. സൈമൺ ഹാർമർക്കാണ് വിക്കറ്റ്. അധികം വൈകാതെ നായകൻ ശുഭ്മൻ ഗില്ലിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. നാല് റൺസെടുത്തു നിൽക്കെ കഴുത്തിന് വേദന അനുഭവപ്പെട്ട താരം റിട്ടയേഡ് ഹർട്ടായി മടങ്ങി.
സ്കോർ 100 പിന്നിട്ടതിനു പിന്നാലെ എയ്ഡൻ മാർക്രമിന് ക്യാച്ച് സമ്മാനിച്ച് കെ.എൽ. രാഹുൽ (39) കൂടാരം കയറി. നാല് ഫോറും ഒരു സിക്സുമടങ്ങുന്നതാണ് ഇന്നിങ്സ്. ഉപനായകൻ ഋഷഭ് പന്തിനെ കോർബിൻ ബോഷ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. 27 റൺസ് നേടിയ പന്ത്, ടെസ്റ്റിൽ ഏറ്റവുമധികം സിക്സറുകളടിച്ച ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കി. മത്സരത്തിൽ രണ്ട് സിക്സറുകൾ പായിച്ച പന്ത്, മുൻ താരം വിരേന്ദർ സെവാഗിനെയാണ് മറികടന്നത്.
ലഞ്ചിന് മുമ്പ് രവീന്ദ്ര ജദേജയും ധ്രുവ് ജുറേലും ചേർന്ന് പ്രോട്ടീസ് സ്കോറിനെ മറികടന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഇരുവരും വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. ജദേജ 27ഉം ജുറേൽ 14 റൺസുമാണ് നേടിയത്. സൈമൺ ഹാർമറാണ് ഇരുവരെയും പുറത്താക്കിയത്. കുൽദീപ് യാദവ് ഒറ്റ റണ്ണുമായി പുറത്തായി. മാർക്കോ യാൻസന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ കെയ്‍ൽ വെറെയ്ൻ പിടികൂടിയാണ് താരം പവലിയനിലേക്ക് മടങ്ങിയത്. മുഹമ്മദ് സിറാജിനെ (1) യാൻസൻ ക്ലീൻ ബൗൾഡാക്കി. 16 രൺസ് നേടിയ അക്സർ പട്ടേലിനെ യാൻസന്‍റെ കൈകളിലെത്തിച്ച ഹാർമർ, വിക്കറ്റുനേട്ടം നാലായി ഉയർത്തി. ജസ്പ്രീത് ബുറ ഒറ്റ റണ്ണുമായി പുറത്താകാതെ നിന്നു.
