റബാദ്: ഖത്തറിൽ സെമിയിൽ നിർത്തിയ മൊറോക്കോ ഡാൻസിന്റെ അടുത്ത ഭാഗം ഇനി അമേരിക്കയിൽ അരങ്ങേറും. 2022 ലോകകപ്പിൽ അതിശയ സംഘങ്ങളായി ആരാധകരെ വിസ്മയിപ്പിച്ച് സെമിഫൈനൽ വരെ കുതിച്ച മൊറോക്കോ 2026 ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ആഫ്രിക്കൻ സംഘമായി മാറി.
കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ റൗണ്ടിലെ തങ്ങളുടെ ആറാം മത്സരവും ജയിച്ചാണ് മൊറോക്കോ വൻകരയിൽ നിന്നും ലോകകപ്പുറപ്പിക്കുന്ന ആദ്യ ടീമായി മാറിയത്. അവസാന മത്സരത്തിൽ നൈജറിനെതിരെ 5-0ത്തിനായിരുന്നു ‘മഗ്രിബിയുടെ’ നാട്ടുകാരുടെ വിജയം. ഗ്രൂപ്പ് ‘ഇ’യിൽ ഒരു മത്സരം മാത്രമാണ് മൊറോകോക്ക് ശേഷിക്കുന്നത്. താൻസാനിയ, സാംബിയ, നൈജർ, കോംഗോ എന്നിവരടങ്ങിയതാണ് ഗ്രൂപ്പ്.
ഹകിം സിയക്, ബ്രാഹിം ഡയസ്, അഷ്റഫ് ഹകിമി, സുഫ്യാൻ അമ്രബാത്, ഗോളി യാസിൻ ബോനു എന്നിവർ ഉൾപ്പെടെ അതിശയ സംഘം ഖത്തറിന്റെ മണ്ണിൽ നടത്തിയ അത്ഭുത കുതിപ്പിന്റെ ആവർത്തനം ഇനി കാനഡ-മെക്സികോ-അമേരിക്ക ലോകകപ്പിലും കാണാമെന്ന് ഉറപ്പിക്കാം. മൊറോകോയുടെ എട്ടാമത്തെ ലോകകപ്പ് പങ്കാളിത്തമാണിത്.
ഖത്തർ 2022ൽ ക്രൊയേഷ്യ ഉൾപ്പെടുന്ന ഗ്രൂപ്പ് ‘എഫി’ലെ ജേതാക്കളായ മൊറോക്കോ ബെൽജിയത്തിന്റെ പുറത്താവലിനും വഴിവെച്ചു. പ്രീക്വാർട്ടറിൽ സെപ്‍യിനിനെയും, ക്വാർട്ടറിൽ പോർചുഗലിനെയും അട്ടിമറിച്ചായിരുന്നു ‘അറ്റ്ലസ് ലയണിന്റെ’ കുതിപ്പ്. സെമിയിൽ ഫ്രാൻസിനോട് തോറ്റ് കീഴടങ്ങി.
ആഫ്രിക്കയിൽ നിന്നുള്ള മറ്റൊരു കരുത്തരായ ഈജിപ്ത് ഇത്തവണ യോഗ്യതാ നേട്ടത്തിനെറ അരികിലാണുള്ളത്. ‘എ’ ഗ്രൂപ്പിൽ നിന്നും ഏഴ് കളിയിൽ ആറ് ജയവുമായ 19 പോയന്റുള്ള ഈജിപ്തിന് ഒരു ജയത്തോടെ നേരിട്ട് ടിക്കറ്റുറപ്പിക്കാം. അവസാന മത്സരത്തിൽ ഈജിപ്ത് 2-0ത്തിന് എത്യോപ്യയെ തോൽപിച്ചു. ഗ്രൂപ്പ് ‘ഡി’യിൽ കാമറൂണും കെയ് വെർദെയും തമ്മിലാണ് പ്രധാന മത്സരം. അവസാന മത്സരത്തിൽ കാമറൂൺ 3-0ത്തിന് ഇസ്വാതിനിയെ തോൽപിച്ചിരുന്നു.
തുനീഷ്യ 3-0ത്തിന് ലൈബീരിയയെയും, മാലി -കോമോറോസിനെയും (3-0), സെനഗാൾ -സുഡാനെയും (2-0) തോൽപിച്ചു.