അരീക്കോട്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലെത്തുംമുമ്പ് അദ്ദേഹത്തെ കാണാൻ ഫ്രീ സ്റ്റൈലർ മുഹമ്മദ് റിസ്വാൻ അർജൻറീനയിലേക്ക്. യാത്രയുടെ ഭാഗമായി ദുബൈയിലെത്തിയ താരം വ്യാഴാഴ്ച അർജൻറീനയിലേക്ക് പുറപ്പെടും.
ഏറെനാളായി റിസ്വാൻ ഈ സ്വപ്നത്തിനു പിന്നാലെയായിരുന്നു. ലുലു എക്സ്ചേഞ്ചിന്റെ സഹായത്തോടെയാണ് അവസരമൊരുങ്ങിയത്. അരീക്കോട് മാങ്കടവ് സ്വദേശി അബ്ദുൽ മജീദിന്റെ മകനായ റിസ്വാൻ ചെറുപ്പംമുതലേ ഫുട്ബാൾ താരമാണ്. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വിദേശതാരങ്ങളുടെ ഫ്രീസ്റ്റൈൽ അഭ്യാസങ്ങൾ കണ്ട് മോഹം തുടങ്ങി.
പതുക്കെ പരിശീലനം തുടങ്ങുകയും പിന്നീട് പ്രഫഷനാക്കി മാറ്റുകയുമായിരുന്നു. വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ഫുട്ബാൾ താരങ്ങളുടെയും മറ്റും ശ്രദ്ധ പിടിച്ചുപറ്റി. കരുവാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ നിന്ന് ഫുട്ബാൾ തട്ടുന്ന ദൃശ്യം 593 മില്യൺ പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്.