ഹിസോർ (തജികിസ്താൻ): ഖാലിദ് ജമീലിനു കീഴിൽ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ആദ്യ മത്സരത്തിനുള്ള െപ്ലയിങ് ഇലവനിൽ ഇടം നേടി മലയാളി താരം മുഹമ്മദ് ഉവൈസും. കാഫ നാഷൻസ് കപ്പ് ഫുട്ബാളിൽ തജികിസ്താനിലെ ഹിസോറിൽ ആതിഥേയർക്കെതിരെയാണ് ഇന്ത്യ ആദ്യ അങ്കത്തിൽ ഇറങ്ങുന്നത്. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി ഒമ്പതിനാണ് മത്സരം. ഫാൻ കോഡിൽ തത്സമയം കാണാം. മലപ്പുറം നിലമ്പൂർ സ്വദേശിയായ മുഹമ്മദ് ഉവൈസ് ഇന്ത്യൻ കുപ്പായത്തിലെ അരങ്ങേറ്റ മത്സരത്തിനാണ് ഇറങ്ങുന്നത്. ആഷിഖ് കുരുണിയനും െപ്ലയിങ് ഇലവനിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ പഞ്ചാബ് മിനർവ എഫ്.സിയുടെ താരമാണ് മുഹമ്മദ് ഉവൈസ്. ജാംഷഡ്പൂർ എഫ്.സിക്കായി മികച്ച പ്രകടനം പുറത്തെടുത്ത ശേഷം കഴിഞ്ഞ ജൂണിലാണ് താരം പഞ്ചാബിലേക്ക് കൂടുമാറിയത്. മലപ്പുറം എം.എസ്.പി സ്കൂളിലൂടെ വളർന്നുവന്ന ശേഷം, സുദേവ എഫ്.സി, ഓസോൺ എഫ്.സി, ബംഗളുരു യുനൈറ്റഡ്, കെ.എസ്.ഇ.ബി തുടങ്ങിയ ക്ലബുകൾക്കു കളിച്ച ശേഷം ഗോകുലം കേരളയിലൂടെ ദേശീയ ഫുട്ബാളിലേക്കും വളരുകയായിരുന്നു. പ്രതിരോധ നിരയിൽ മികവു തെളിയിച്ച ഉവൈസ് മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റും പരിശീലകനുമായ കമാൽ മോയിക്കലിന്റെ മകനാണ്.
ഗുർപ്രീത് സിങ്ങാണ് ഇന്ത്യയുടെ വലകാക്കുന്നത്. രാഹുൽ ഭെകെ, അൻവർ അലി, സന്ദേശ് ജിങ്കാൻ, ലാലിയാൻസുവാല ചാങ്തെ, സുരേഷ് വാങ്ജാം, വിക്രം പ്രതാപ്, ഇർഫാൻ യദ്‍വദ്, ഉവൈസ്, ജീക്സൻ, ആഷിഖ് എന്നിവരാണ് ടീമിൽ.