
മോനു കൃഷ്ണ
പത്തനംതിട്ട: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) പുല്ലാട് സ്വദേശിയായ യുവതാരം മോനുകൃഷ്ണയുടെ തകർപ്പൻ പ്രകടനം. ആലപ്പി റിപ്പിൾസിനെതിരായ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായി മൂന്ന് വിക്കറ്റാണ് മോനുകൃഷ്ണ വീഴ്ത്തിയത്. ഈ പ്രകടനത്തിലൂടെ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച മോനുകൃഷ്ണ തന്നെയായിരുന്നു കളിയിലെ താരവും.
ആദ്യഓവറിൽതന്നെ ആലപ്പി റിപ്പിൾസിന്റെ ഓപണറായ കെ.എ. അരുണിനെ പുറത്താക്കി ഞെട്ടിച്ച മോനുകൃഷ്ണ, പിന്നാലെയെത്തിയ ആലപ്പി ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്റെ വിക്കറ്റും വീഴ്ത്തി. 17ാം ഓവറിൽ ആദിത്യ ബൈജുവും മോനുവിന്റെ പന്തിൽ പുറത്തായി. പത്തനംതിട്ട പുല്ലാട് സ്വദേശികളായ മുരളീധരൻ നായർ-ശ്രീജ ദമ്പതികളുടെ മകനാണ് മോനു കൃഷ്ണ. മുമ്പ് സ്വാൻറൺസ് ക്രിക്കറ്റ് ക്ലബ്, തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ് തുടങ്ങിയ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്.