ഞായറാഴ്ച നടന്ന കരീബിയൻ ടി20 പ്രീമിയർ ലീഗിൽ ആന്റിഗ്വ ബാർബുഡ ഫാൽക്കൺസും സെന്റ് കിറ്റ്സ് നെവിസ് പാട്രിയറ്റ്സും തമ്മിലുള്ള മത്സരത്തിലാണ് ബംഗ്ലാദേശ് ബൗളിങ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ടി20 ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ കളിക്കാരനായത്.
ആന്റിഗ്വയും ബാർബുഡക്കുവേണ്ടി ഷാക്കിബ്, തന്റെ രണ്ട് ഓവർ സ്പെല്ലിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് ചരിത്രനേട്ടങ്ങളുടെ പട്ടികയിൽ അഞ്ചാമനായത്. നിലവിൽ 457 മത്സരങ്ങളിൽനിന്നായി 502 വിക്കറ്റുകൾ നേടിയ ഷാക്കിബിന്റെ ബൗളിങ് ശരാശരി 21.43 ഉം കരിയർ എക്കണോമി 6.78 മാണ്. ടി20 യിൽ അഞ്ചു തവണ അഞ്ച് വിക്കറ്റ് നേട്ടത്തിനുടമയായ ഷാക്കിബിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം 6 വിക്കറ്റിന് 6 റൺസാണ്.
സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 499 എന്ന അക്കത്തിൽനിന്ന് നേട്ടത്തിലേക്കെത്താൻ ആറ് പന്തുകൾ മാത്രമെ വേണ്ടിവന്നുള്ളൂ, മത്സരത്തിൽ 3 ന് 11 എന്ന മികച്ച പ്രകടനവും കാഴ്ചവെച്ചു.അഫ്ഗാനിസ്താന്റെ റാഷിദ് ഖാൻ, വെസ്റ്റ് ഇൻഡീസ് താരങ്ങളായ ഡ്വെയ്ൻ ബ്രാവോ, സുനിൽ നരൈൻ (590), ദക്ഷിണാഫ്രിക്കയുടെ ഇംറാൻ താഹിർ (554) എന്നിവർക്കൊപ്പം ഇനി 38 കാരനായ ഷാക്കിബും പട്ടികയിലുൾപ്പെടും.
ടി20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ റാഷിദ് ഖാൻ, 487 മത്സരങ്ങളിൽ നിന്ന് 660 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടി20 യിൽ 600ന് മുകളിൽ വിക്കറ്റുകൾ നേടിയവരാണ് റാഷിദ് ഖാനും ഡ്വയിൻ ബ്രാവോയും. 582 മത്സരങ്ങളിൽ നിന്ന് 631 വിക്കറ്റുകളാണ് വെസ്റ്റ് ഇൻഡീസിന്റെ ബ്രാവോയുടെ നേട്ടം. 590 വിക്കറ്റുകളുമായി സുനിൽ നരൈൻ മൂന്നാം സ്ഥാനത്തും, 554 വിക്കറ്റുകൾ ഇംറാൻ താഹിറിന്റെ പേരിലുമുണ്ട്. ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ യുസ്വേന്ദ്ര ചാഹലാണ്. 35 കാരനായ ഈ കളിക്കാരൻ 326 മത്സരങ്ങളിൽ നിന്ന് 380 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.