പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന് മുന്നോടിയായുള്ള താരകൈമാറ്റ വിപണിയിൽ നിർണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ വിംഗർ ഫാറൂഖ് ചൗധരിയെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി ആദ്യ ഓഫർ നൽകി.
നിലവിൽ ചെന്നൈയിൻ എഫ്‌സിയുടെ താരമായ ഫാറൂഖിനായി ശക്തമായ മത്സരമാണ് നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ നീക്കത്തിന് പിന്നാലെ, മുൻ ചാമ്പ്യന്മാരായ എഫ്‌സി ഗോവയും താരത്തെ സ്വന്തമാക്കാനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. ഗോവയും ഉടൻ താരത്തിനായി ചെന്നൈയിൻ എഫ്‌സിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ സീസണിൽ ചെന്നൈയിനായി മികച്ച പ്രകടനം നടത്തിയ താരമാണ് ഫാറൂഖ് ചൗധരി. താരവുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി ക്ലബ്ബ് നീട്ടിയിട്ടുണ്ട്. എങ്കിലും, മികച്ച ഒരു ട്രാൻസ്ഫർ ഫീസ് ലഭിക്കുകയാണെങ്കിൽ താരത്തെ വിട്ടുനൽകാൻ ക്ലബ്ബ് തയ്യാറായേക്കും. വേഗതയും പന്തുമായി മുന്നേറാനുള്ള കഴിവുമാണ് 28-കാരനായ ഫാറൂഖിനെ ടീമുകളുടെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
ഐഎസ്എൽ കിരീടം നേടാൻ സാധ്യതയുള്ള ഒരു ടീമിൽ കളിക്കാൻ ഫാറൂഖ് താൽപര്യപ്പെടുന്നതായാണ് വിവരം. മുംബൈ സിറ്റി എഫ്‌സി, ബെംഗളൂരു എഫ്‌സി തുടങ്ങിയ ക്ലബ്ബുകളും താരത്തിന്റെ സാഹചര്യം നിരീക്ഷിക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ ക്ലബ്ബുകൾ രംഗത്തുവരാൻ സാധ്യതയുണ്ടെങ്കിലും, നിലവിൽ കേരള ബ്ലാസ്റ്റേഴ്സും എഫ്‌സി ഗോവയുമാണ് താരത്തിനായി മുന്നിലുള്ളത്. ഇരു ക്ലബ്ബുകളും മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളും ട്രാൻസ്ഫർ തുകയും ഫാറൂഖിന്റെ പുതിയ തട്ടകം ഏതെന്ന് തീരുമാനിക്കുന്നതിൽ നിർണായകമാകും.