ലോഞ്ചിങ് ഗ്രാൻഡ്; ഇനി കെ.സി.എൽ ആവേശം
തിരുവനന്തപുരം: ഇരുപത്തിരണ്ട് വാര പിച്ചിൽ അടിയുടെ പൊടിപൂരത്തിന് തിരിയിട്ട് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് തലസ്ഥാനത്ത് ആവേശ കാൽനാട്ട്. നിശാഗന്ധിയിൽ നടന്ന വർണാഭമായ ചടങ്ങിൽ സീസൺ രണ്ടിന്റെ ഗ്രാൻഡ് ലോഞ്ചിങ് കായികമന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
കേരളത്തിലെ കായികമേഖലയിലെ നിർണായക വഴിത്തിരിവാണ് കേരള ക്രിക്കറ്റ് ലീഗെന്നും മൂന്നാറിൽ കെ.സി.എയുമായി സഹകരിച്ച് ക്രിക്കറ്റ് ഗ്രൗണ്ട് നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളായ ‘ബാറ്റേന്തിയ കൊമ്പന്, ചാക്യാർ, വേഴാമ്പല്‍’ എന്നിവ അദ്ദേഹം പ്രകാശനം ചെയ്തു.
സീസണ്-2ന്റെ ഭാഗമായി പുറത്തിറക്കുന്ന ആരാധകര്‍ക്കായുള്ള ഫാന്‍ ജഴ്സിയുടെ പ്രകാശനം ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും സല്മാന് നിസാറും ചേര്‍ന്ന് നിര്‍വഹിച്ചു. കെ.സി.എൽ വരുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് ലീഗുകളിൽ ഒന്നായി മാറുമെന്നും കേരളത്തിലെ ക്രിക്കറ്റ് താരങ്ങളുടെ കഴിവുകൾ രാജ്യം തിരിച്ചറിഞ്ഞുതുടങ്ങിയെന്നും സഞ്ജു പറഞ്ഞു.
രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരളത്തിന് ഫൈനല്‍ പ്രവേശനത്തിന് വഴിയൊരുക്കിയ രക്ഷക വേഷമണിഞ്ഞ സല്മാന് നിസാറിന്റെ ഹെല്‍മറ്റിനെ ആസ്പദമാക്കി തയാറാക്കിയ പ്രത്യേക വിഡിയോ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്ന ട്രോഫി ടൂര്‍ പ്രചാരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വി.കെ പ്രശാന്ത് എം.എൽ.എ, സഞ്ജു സാംസൺ, കീർത്തി സുരേഷ് എന്നിവർ ചേർന്ന് നിര്‍വഹിച്ചു.
ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, ഫ്രാഞ്ചൈസി ഉടമകൾ തുടങ്ങിയവർ സംബന്ധിച്ചു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ