ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സൗദി പ്രോ ലീഗിൽ ആരാധകരുടെ അംഗീകാരം; ഫാൻസ് പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരം സ്വന്തമാക്കി
റിയാദ്: സൗദി പ്രോ ലീഗിലെ കഴിഞ്ഞ സീസണിലെ പ്രകടനത്തിന് ആരാധകരുടെ അംഗീകാരം നേടി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിന്റെ ഫാൻസ് പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ലീഗ് അധികൃതർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ സീസണിൽ അൽ നാസർ ക്ലബ്ബിനായി തകർപ്പൻ പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്. 30 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും 3 അസിസ്റ്റുകളും താരം നേടി. ഇതിലൂടെ 15 തവണ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. റൊണാൾഡോയുടെ ഈ മിന്നും പ്രകടനമാണ് ആരാധകരുടെ ഇഷ്ടതാരമായി അദ്ദേഹത്തെ തിരഞ്ഞടുക്കാൻ പ്രധാന കാരണം.
അതേസമയം, റൊണാൾഡോയുടെ വ്യക്തിഗത മികവിനപ്പുറം ടീമിന് കിരീടം നേടാനായില്ല. എന്നാൽ, പുതിയ സീസണിൽ പുതിയ പരിശീലകൻ ജോർജ്ജ് ജീസസിന്റെ കീഴിൽ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് അൽ നാസർ. 41-കാരനായ റൊണാൾഡോ രണ്ട് വർഷത്തേക്ക് കൂടി ക്ലബ്ബുമായുള്ള കരാർ നീട്ടിയിട്ടുണ്ട്. പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ ടീം ഉടൻ ആരംഭിക്കും. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്ത സീസണിലെ പ്രകടനത്തിനായി കാത്തിരിക്കുന്നത്.