മാഡ്രിഡ്: ബ്രസീൽ ദേശീയ ഫുട്ബാൾ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് നികുതി തട്ടിപ്പുകേസിൽ ഒരു വർഷം തടവ് ശിക്ഷയും 386,000 യൂറോ പിഴയും ചുമത്തി.
റയൽ മാഡ്രിഡ് പരിശീലകനായിരിക്കെ 2014ൽ നടത്തിയ സാമ്പത്തിക ക്രമക്കേടിലാണ് സ്പാനിഷ് കോടതി വിധി പറഞ്ഞത്. അതേസമയം, സ്പാനിഷ് നിയമം അനുസരിച്ച് ആഞ്ചലോട്ടി ജയിലിൽ പോകില്ല. അദ്ദേഹത്തിന്റെത് ആദ്യ കുറ്റകൃത്യവും ശിക്ഷ രണ്ടുവർഷത്തിൽ താഴെയായതുമാണ് ജയിൽ ശിക്ഷ ഒഴിവാക്കുന്നത്. ഒരു നിശ്ചിത കാലയളവിനുള്ളിൽ മറ്റൊരു കുറ്റകൃത്യം ചെയ്തില്ലെങ്കിൽ സ്വതന്ത്രനായി തുടരും.
റയൽ മാഡ്രിഡിലുള്ള സമയത്ത് ഉൽപന്നങ്ങൾക്കും സ്പോൺസർഷിപ്പുകൾക്കുമായി തന്റെ ഇമേജിന് ലൈസൻസ് നൽകുന്നതിലൂടെ ലഭിക്കുന്ന പണത്തിന് നികുതി ഒഴിവാക്കാൻ സ്പെയിനിന് പുറത്തുള്ള ദ്വീപുകളിൽ ഷെൽ കമ്പനികളെ ഉപയോഗിച്ചതായി കണ്ടെത്തി. 2014 ലും 2015 ലും സ്പാനിഷ് നികുതി അധികാരികൾക്ക് തന്റെ അടിസ്ഥാന ശമ്പളം മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
നേരത്തെ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ജോസ് മൗറീഞ്ഞോ, ഡീഗോ കോസ്റ്റ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ഇമേജ് അവകാശ വരുമാനത്തിന്റെ പേരിൽ സമാനമായ അന്വേഷണങ്ങൾ നേരിട്ടിട്ടുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ