ചെൽസി താരങ്ങളായ ലിയാം ഡെലപും റീസ് ജെയംസും പരിശീലനത്തിൽ
ന്യൂ ജേഴ്സി (യു.എസ്): ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്നും നാളെയുമായി നടക്കും. ചൊവ്വാഴ്ച ഇന്ത്യൻ സമയം അർധരാത്രി 12.30ന് ഈസ്റ്റ് റഥർഫോഡ് മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയെ ബ്രസീലിയൻ ക്ലബ് ഫ്ലുമിനൻസ് നേരിടും. ബുധനാഴ്ച ഇതേ സമയത്ത് കരുത്തരുടെ നേരങ്കത്തിനും സ്റ്റേഡിയം വേദിയാവും. റയൽ മഡ്രിഡിന് പാരിസ് സെന്റ് ജെർമെയ്നാണ് എതിരാളികൾ.
നീണ്ട ഇടവേളക്കുശേഷം യുവേഫ കോൺഫറൻസ് ലീഗിലൂടെ ഒരു കിരീടം ഇക്കുറി സ്വന്തമാക്കാനായ ചെൽസിക്ക് മേധാവിത്വം യൂറോപ്പിന് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള സുവർണാവസരമാണ്. ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ പോർചുഗീസുകാരായ ബെൻഫികയെ 4-1നും ക്വാർട്ടർ ഫൈനലിൽ ബ്രസീലിലെ പാൽമിറാസിനെ 2-1നും തോൽപിച്ചാണ് നീലപ്പട സെമിയിലെത്തിയത്. എൻസോ മരെസ്ക പരിശീലിപ്പിക്കുന്ന സംഘത്തിന് ഫ്ലുമിനൻസ് അത്ര ചെറിയ എതിരാളികളല്ല. ടൂർണമെന്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട സ്ട്രൈക്കർ ലിയാം ഡെലപിനും ഡിഫൻഡർ ലെവി കോൾവിലിനും ഇന്ന് പുറത്തിരിക്കേണ്ടിവരും.
സമാന പ്രശ്നങ്ങൾ ഫ്ലുമിനൻസ് നിരയിലുമുണ്ട്. സെന്റർ ബാക്ക് യുവാൻ പാബ്ലോ ഫ്രൈറ്റസും മിഡ്ഫീൽഡർ മാർട്ടിനെല്ലി സസ്പെൻഷനിലാണ്. പ്രീക്വാർട്ടറിൽ ഇറ്റാലിയൻ ഹെവി വെയ്റ്റുകളായ ഇന്റർ മിലാനെ എതിരില്ലാത്ത രണ്ട് ഗോളിനും ക്വാർട്ടറിൽ സൗദി പ്രോ ലീഗ് ക്ലബായ അൽ ഹിലാലിനെ 2-1നും തോൽപിച്ചാണ് ഫ്ലുമിനൻസിന്റെ വരവ്. കഴിഞ്ഞ ക്ലബ് ലോകകപ്പിൽ ഫൈനലിലെത്തി മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ് റണ്ണറപ്പായി മടങ്ങിയ ടീം കൂടിയാണ് ഫ്ലുമിനൻസ്. വെറ്ററൻ ഡിഫൻഡറും നായകനുമായ തിയാഗോ സിൽവയുൾപ്പെടെ ഉജ്ജ്വല ഫോമിൽ കളിക്കുന്നതിനാൽ ചെൽസിക്ക് കാര്യങ്ങൾ എളുപ്പമാവില്ല.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ