ഫിലാഡെല്‍ഫിയ: സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ. ഇൻജുറി ടൈംമിന്‍റെ അവസാന ആറു മിനിറ്റിൽ മൂന്നു ഗോളുകളും ഒരു ചുവപ്പ് കാർഡും കണ്ട ക്വാർട്ടർ മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്. സെമിയില്‍ യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജിയാണ് റയലിന്റെ എതിരാളികള്‍.
കളി തുടങ്ങി 10ാം മിനിറ്റിൽ തന്നെ റയൽ ലീഡെടുത്തു. ഗോണ്‍സാലോ ഗാര്‍സ്യയാണ് റയലിനായി വലകുലുക്കിയത്. അർദ ഗുലറിന്‍റെ ക്രോസ് മികച്ചൊരു വോളിയിലൂടെയാണ് താരം വലയിലാക്കിയത്. 20ാം മിനിറ്റില്‍ ഫ്രാന്‍ ഗാര്‍സ്യയും ലക്ഷ്യം കണ്ടു. ട്രെന്‍റ് അലക്സാണ്ടർ അർനോൾഡാണ് ഗോളിന് വഴിയൊരുക്കിയത്. 2-0ത്തിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള ഡോർട്ട്മുണ്ടിന്‍റെ നീക്കങ്ങളൊന്നും ഫലംകണ്ടില്ല. ഏകപക്ഷീയമായി മത്സരം റയൽ ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈം നാടകീയമാകുന്നത്.
92ാം മിനിറ്റിൽ ഡോര്‍ട്ട്മുണ്ട് ഒരു ഗോൾ മടക്കി. മാക്‌സമില്ല്യന്‍ ബെയറാണ് ഗോൾ നേടിയത്. രണ്ടു മിനിറ്റികനം പകരക്കാരനായി ഇറങ്ങിയ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ ഒരു ആക്രോബാറ്റിക് വോളിയിലൂടെ വലകുലുക്കി. 96ാം മിനിറ്റിൽ റയൽതാരം ഡീൻ ഹൂയ്സെന് ചുവപ്പ് കാർഡും ഡോർട്ട്മുണ്ടിന് അനുകൂലമായി പെനാൽറ്റിയും. സെർഹോ ഗുയിരാസിയെ കൈകൊണ്ട് പിടിച്ചുവെച്ചതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ഗുയിരാസി പന്ത് വലയിലാക്കി.
തൊട്ടുപിന്നാലെ റഫറി ഫൈനൽ വിസിൽ മുഴക്കിയതോടെ റയൽ 3-2 ജയവുമായി സെമിയിലേക്ക്. കരുത്തരായ ബയേൺ മ്യൂണിക്കിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോൽപിച്ചാണ് പി.എസ്.ജി സെമിയിലെത്തിയത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ